Breaking News


പോൾ കല്ലാനോട്‌- കോഴിക്കോടിന്റെ സ്വന്തം കലാകാരൻ

ലോകം മുഴുവനുമുള്ള മലയാളി കലാപ്രവർത്തകർ ഒാർക്കുന്ന ഒരു പേരാണ്‌ പോൾ കല്ലാനോട്‌ മാഷിന്റേത്‌. കോഴിക്കോട്‌ ജില്ലയിൽ ജനിച്ചുവളർന്ന്‌ കോഴിക്കോടിന്‌ സ്വന്തമായിത്തീർന്ന ഒരു കലാസ്നേഹിയാണ്‌ അദ്ദേഹം. നിരവധി കലാപ്രവർത്തനങ്ങൾ ഒരുമിച്ച്‌ സമ്മേളിച്ച ഹൃദയം അദ്ദേഹത്തിൽ നമുക്ക്‌ കാണാൻ കഴിയും. ചിത്രകാരനും കവിയുമായ പോൾ കല്ലാനോട്‌ എന്നാണ്‌ പൊതുവെ പറഞ്ഞുവരാറ്‌. അധ്യാപകൻ, നാടകക്കാരൻ, നാടക രചയിതാവ്‌, സംഘാടകൻ, പ്രസംഗകൻ, കവി, കാർട്ടൂണിസ്റ്റ്‌, ശില്പി തുടങ്ങിയ നിരവധി മേഖലകളെ തന്റെ സ്വന്തം ജീവിതംകൊണ്ട്‌ മലയാളിക്ക്‌ കലയുടെ പുതിയ വാതായനങ്ങൾ തുറന്നുകൊടുത്തിട്ടുള്ള സ്നേഹിതനാണ്‌ പോൾ മാഷ്‌.

1970-കളിൽ തുടങ്ങിയ സുഹൃദ്‌ബന്ധമാണ്‌ ഞങ്ങളുടേത്‌. 1973, 1974, 75-ലാണ്‌ ഞാൻ കോഴിക്കോട്ട്‌ ആദ്യമായി കാലുകുത്തുന്നത്‌. കോഴിക്കോട്‌ യൂണിവേഴ്‌സൽ ആർട്‌സിന്റെ അഖിലകേരള ബാലചിത്രരചനാ മത്സരത്തിൽ പങ്കെടുക്കാൻ വർഷത്തിലൊരിക്കൽ മാനാഞ്ചിറ മൈതാനത്തിരുന്ന്‌ വരയ്ക്കുന്നതിന്‌ വന്നപ്പോഴാണ്‌ പോൾമാസ്റ്ററെ, ചിത്രകലാ മത്സരത്തിന്റെ അമരക്കാരനായി ഓടിനടക്കുന്നത് ആദ്യം കാണുന്നത്‌. നിലത്തിരുന്ന എനിക്ക്‌ വരയ്ക്കാൻ പേപ്പർ തന്നത്‌ ഒാർത്തുപോവുന്നു.

1980-ൽ ഞാൻ മലബാർ ക്രിസ്ത്യൻകോളേജ്‌ ഹൈസ്കൂളിൽ ചിത്രകലാ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചപ്പോൾ കോഴിക്കോട്‌ സെയ്‌ന്റ്‌ ജോസഫ്‌സ്‌ ബോയ്‌സ്‌ സ്കൂളിൽ പോൾമാഷും ചിത്രകലാ അധ്യാപകനായി ജോലി ചെയ്യുന്നുണ്ടായിരുന്നു. ഗുരു, യൂണിവേഴ്‌സൽ ആർട്‌സിന്റെ സ്ഥാപകൻ കെ.പി. ആന്റണിമാസ്റ്റർ 1975-ലാണ്‌ സെയ്‌ന്റ്‌ ജോസഫ്‌സ്‌ ബോയ്‌സ്‌ സ്കൂളിൽനിന്ന്‌ റിട്ടയർ ചെയ്യുന്നത്‌. ആ ഒഴിവിലേക്ക്‌ തന്റെ ശിഷ്യനായ പോൾ കല്ലാനോടിനെ നിയമിക്കുകയായിരുന്നു. രണ്ടായിരത്തിന്റെ അവസാനകാലത്താണ്‌ പോൾ മാഷ്‌ സെയ്‌ന്റ്‌ ജോസഫ്‌സ്‌ ബോയ്‌സ്‌ സ്കൂളിലെ പടിയിറങ്ങുന്നത്‌. സ്കൂൾ ജീവിതത്തിൽ മാസ്റ്ററുമായുള്ള കുട്ടികളുടെ സ്നേഹം അപൂർവങ്ങളിൽ അപൂർവമായ അനുഭവങ്ങളാണ്‌ ഉണർത്തിപ്പോന്നിരുന്നത്‌.

‘മാതൃഭൂമി’ എന്ന പത്രസ്ഥാപനവുമായി വളരെ അടുത്തബന്ധം എന്നും പോൾമാഷ്‌ പുലർത്തിപ്പോരുന്നുണ്ട്‌. മാതൃഭൂമി ആഴ്ചപ്പതിപ്പിലും മറ്റു പ്രസിദ്ധീകരണങ്ങളിലും മാസ്റ്ററുടെ കാർട്ടൂണുകളും എഴുത്തുകളും എന്റെ കുട്ടിക്കാലത്തുതന്നെ എനിക്ക്‌ കാണാൻ കഴിഞ്ഞിട്ടുണ്ട്‌. കോഴിക്കോട്ട്‌ വന്നിട്ടുള്ള എല്ലാ പ്രശസ്തരായ എഴുത്തുകാരുമായും നാടകപ്രവർത്തകരുമായും ഡോക്ടർമാരുമായും സമസ്തമേഖലയിൽ പ്രവർത്തിക്കുന്നവരുമായും പോൾ മാഷ്‌ അതീവ സഹൃദയനായി തോളോടുതോൾചേർന്നു നടന്നുനീങ്ങിക്കൊണ്ടിരിക്കുന്നു. നിരവധി തവണ മാസ്റ്റർക്ക്‌ കേരള ലളിതകലാ അക്കാദമിയുടെ പദവികളിലിരുന്ന്‌ പ്രവർത്തിക്കാൻ കഴിഞ്ഞിരുന്നുവെന്നത്‌ പൊൻതൂവലിൽ ഒരു തൂവൽമാത്രം. സാഹിത്യഅക്കാദമിയും ലളിതകലാ അക്കാദമിയും മാസ്റ്റർക്ക്‌ അവാർഡുകൾ നൽകി. ദേശീയ-അന്തർദേശീയ ക്യാമ്പുകളിൽ മാസ്റ്റർ വരച്ചുകൊണ്ടേയിരുന്നു. കേരള ലളിതകലാ അക്കാദമിയുടെ എക്സിക്യുട്ടീവ്‌ മെമ്പറാണ്‌ ഇന്നും പോൾ കല്ലാനോട്‌

2010-ലാണ്‌ ഫാദർ മണ്ണാറത്തറ പോൾ മാഷെ കൈയോടെ പിടിച്ച്‌ താൻ നേതൃത്വം കൊടുക്കുന്ന ദേവഗിരിയിലെ പബ്ലിക്‌ സ്കൂളിലെ കലയുടെ തലപ്പത്ത്‌ ഇരുത്തുന്നത്‌. ഇന്ന്‌ ഫാദർ മണ്ണാറത്തറ നിയന്ത്രിക്കുന്ന സിൽവർഹിൽസ്‌ ‌സ്കൂളിലേക്ക്‌ പോൾ മാഷെ കൂടെ കൂട്ടിയിരിക്കയാണ്‌. ‘Campus in Canvas’ എന്ന ആശയമാണ്‌ ഫാദർ മണ്ണാറത്തറയ്ക്ക്‌. സർവമതങ്ങളെയും ഒരുപോലെ തന്റെ സ്കൂൾ വാതായനങ്ങളിലൂടെ അകത്തേക്ക്‌-കുട്ടികളിലൂടെ സർഗവാസനകളെ ഉണർത്താൻ പോൾമാഷും; കൃഷ്ണനും രാധയും ശ്രീബുദ്ധൻ, ഉയിർത്തെഴുന്നേൽക്കുന്ന ക്രിസ്തു, മുന്നോട്ട്‌ എല്ലാ പ്രതിബന്ധങ്ങളെയും തട്ടിത്തെറിപ്പിച്ചുപോകുന്ന കുതിരകൾ എന്നിവയുടേതെല്ലാം ചുവർ ശില്പരൂപങ്ങൾ പോൾ മാസ്റ്ററുെട വകയായും ഉണ്ട്‌. മാസ്റ്ററുടെ ഭാര്യ (അധ്യാപിക) കുറച്ചുവർഷംമുമ്പ്‌ അന്തരിച്ചു. മകനും മകളുമുണ്ട്‌. മകൾ അധ്യാപികയാണ്‌. മകൻ ശില്പിയും സിനിമാപ്രവർത്തകനുമാണ്‌.

കോഴിക്കോട്ടെ സാധാരണക്കാരനാവട്ടെ, പാട്ടുകാരനാവട്ടെ, കച്ചവടക്കാരനാകട്ടെ, വലിയ വലിയ എഴുത്തുകാരാകട്ടെ, സംഘാടകരാകട്ടെ എല്ലാവർക്കും പോൾമാഷെക്കുറിച്ച്‌ പറയുവാൻ നൂറുനൂറു നാവുകളാണുണ്ടാവുക. അങ്ങനെ ഓർക്കാൻ, പറയുവാൻ പോൾമാഷെപ്പോലെയുള്ളവർ വിരളമാണ്‌ കേരളക്കരയിൽ-ഈ കോഴിക്കോട്ടും.


മാതൃഭൂമി പ്രസിദ്ധീകരിച്ചത്