Breaking News


ലൈഫ് ഭവന പദ്ധതി: കലക്ടറുടെ ഉറപ്പിൽ യുവാവും കുടുംബവും നിരാഹാര സമരം അവസാനിപ്പിച്ചു

ഉള്ളിയേരി ∙  ആവശ്യമായ രേഖകൾ മുഴുവൻ സമർപ്പിച്ചിട്ടും ലൈഫ് ഭവന പദ്ധതിയുടെ ആനുകൂല്യം നിഷേധിച്ചതിൽ പ്രതിഷേധിച്ച് ഉള്ളിയേരി പഞ്ചായത്ത് ഓഫിസിന് മുന്നിൽ ആയിരോളി ഗിരീഷും കുടുംബവും നടത്തിയ കുത്തിയിരിപ്പു സമരം കലക്ടർ നൽകിയ ഉറപ്പിനെത്തുടർന്ന് അവസാനിപ്പിച്ചു. പ്രായപൂർത്തിയായ രണ്ടു പെൺകുട്ടികളും ഭാര്യയുമുൾപ്പെടെ നാലംഗ കുടുംബം തിങ്കളാഴ്ച രാവിലെയാണ് അനിശ്ചിതകാല സമരം തുടങ്ങിയത്. രാത്രിയിൽ അത്തോളി പൊലീസ് കാവലേർപ്പെടുത്തിയിരുന്നു.

ചൊവ്വാഴ്ച രാവിലെ ഗിരീഷിന്റെ കുടുംബവുമായി പഞ്ചായത്ത് പ്രസിഡന്റ് ഷാജു ചെറുക്കാവിലും വാർഡ്മെംബർ എം.പി. അനീഷും അത്തോളി എസ്ഐ പ്രശാന്തും നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. സർക്കാർ ഉത്തരവു പ്രകാരമേ ആനുകൂല്യം നൽകാൻ കഴിയുകയുള്ളൂ എന്ന നിലപാടിലായിരുന്നു പഞ്ചായത്ത് അധികൃതർ. എന്നാൽ അർഹതയുണ്ടായിട്ടും ആനുകൂല്യം നിഷേധിക്കാനുള്ള കാരണം പഞ്ചായത്ത് സെക്രട്ടറി രേഖാമൂലം നൽകണമെന്നായിരുന്നു ഗിരീഷിന്റെ ആവശ്യം. വാർഡ് മെംബർ അനീഷ്, കോൺഗ്രസ് ഉള്ളിയേരി മണ്ഡലം പ്രസിഡന്റ് സതീഷ് കന്നൂര്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷമീർ നളന്ദ, സുധീർ പട്ടാങ്കോട്ട്,
തൈവച്ചപറമ്പിൽ ബാബു എന്നിവർ കലക്ടർ യു.വി. ജോസ്, ലൈഫ് ഭവനപദ്ധതി ജില്ലാ കോ ഓർഡിനേറ്റർ ജോർജ് ജോസഫ് എന്നിവരുമായി നടത്തിയ ചർച്ചയിൽ കുടുംബത്തിന് റേഷൻ കാർഡ് ലഭിക്കുന്നതിനാവശ്യമായ നടപടിക്രമം ത്വരിതപ്പെടുത്താനും കാർഡ് ലഭിക്കുന്ന മുറയ്ക്ക് ഭവന പദ്ധതി ആനുകൂല്യം ലഭ്യമാക്കുമെന്നും ഉറപ്പ് നൽകിയതിനെത്തുടർന്നാണ് ചൊവ്വാഴ്ച മൂന്നു മണിയോടെ സമരം അവസാനിപ്പിച്ചത്.

പഞ്ചായത്ത് മൂന്നാം വാർഡിൽ ജനറൽ വിഭാഗത്തിൽ 38–ാം നമ്പറുകാരനാണ് ഗിരീഷ്.വിഇഒയുടെ അറിയിപ്പ് ലഭിച്ചതിനെത്തുടർന്ന് കരാറിലേർപ്പെടാൻ മുഴുവൻ രേഖകളുമായി പഞ്ചായത്ത് ഓഫിസിൽ എത്തിയപ്പോഴാണ് ഇവർക്ക് സ്വന്തമായി റേഷൻ കാർഡില്ലെന്നും തറവാട് വീടുണ്ടെന്നും പറഞ്ഞ് നിരസിച്ചത്.