എയിംസ് പ്രതീക്ഷയിൽ കോഴിക്കോട്

വൈദ്യശാസ്ത്ര രംഗത്ത് രാജ്യത്തെ പരമോന്നത സ്ഥാപനമായ ഡൽഹിയിലെ എയിംസ് 1956-ലാണ് സ്ഥാപിക്കപ്പെട്ടത്.പാർലമെന്റിൽ 2012-ൽ പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിൽ ഭോപ്പാൽ, ഭുവനേശ്വർ, ജോധ്‌പുർ, പട്‌ന, റായ്‌പുർ, ഋഷികേശ് എന്നിവിടങ്ങളിലും എയിംസ് കേന്ദ്രങ്ങൾ സ്ഥാപിക്കപ്പെട്ടു.
പതിന്നാല് സംസ്ഥാനങ്ങളിൽക്കൂടി എയിംസ് കേന്ദ്രം തുടങ്ങാൻ 2014-ന് ശേഷം അനുമതി ലഭിച്ചു. തമിഴ്‌നാട്, ആന്ധ്രപ്രദേശ്, തെലങ്കാന എന്നീ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ഇതിൽ ഉൾപ്പെട്ടെങ്കിലും കേരളം തഴയപ്പെട്ടു. ഇത്തവണത്തെ കേന്ദ്രബജറ്റിലാണ് തെലങ്കാനയ്ക്ക് എയിംസ് അനുവദിച്ച പ്രഖ്യാപനമുണ്ടായത്.
ആരോഗ്യ കുടുംബക്ഷേമ കാര്യങ്ങൾക്കുള്ള കേന്ദ്ര പാർലമെന്ററി സമിതിയിൽ എയിംസിനുള്ള ആവശ്യം നിരന്തരമായി ഉന്നയിച്ചിരുന്നെന്ന് സമിതി അംഗമായ എം.കെ. രാഘവൻ എം.പി. വ്യക്തമാക്കി. കേരളത്തിൽ നിപ രോഗം പൊട്ടിപ്പുറപ്പെട്ടത് എയിംസിനുള്ള ആവശ്യം ശക്തമാക്കി. പാർലമെന്ററി സമിതി അധ്യക്ഷൻ ഗോപാൽസിങ് യാദവും ഇക്കാര്യം ശുപാർശ ചെയ്തിരുന്നു. കേരളത്തിൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കണമെന്ന ആവശ്യവും അംഗീകരിക്കണമെന്ന് എം.കെ. രാഘവൻ പറഞ്ഞു.
കിനാലൂർ സജ്ജം
കിനാലൂരിൻ വ്യവസായകേന്ദ്രം സ്ഥാപിക്കുന്നതിനായി വ്യവസായ വകുപ്പ് 20 വർഷം മുമ്പ് 308 ഏക്കർ സ്ഥലം കൊച്ചിൻ മലബാർ എസ്റ്റേറ്റിൽ നിന്ന് ഏറ്റെടുത്തിരുന്നു. ഇതിൽ 30 ഏക്കർ സ്ഥലം ഉഷസ്കൂൾ ഓഫ് അത്‌ലറ്റ്‌സിന് നൽകി. ബാലുശ്ശേരി സർക്കാർ കോളേജിനുവേണ്ടി അഞ്ച് ഏക്കർ സ്ഥലവും കെ.എസ്.ഇ.ബി. സബ് സ്റ്റേഷനുവേണ്ടി രണ്ട് ഏക്കറും നീക്കിവെച്ചു.
ചെറുകിടവ്യവസായസ്ഥാപനങ്ങൾക്കുവേണ്ടി അനുവദിച്ച സ്ഥലം കഴിച്ച് 100 ഏക്കറിലേറേ സ്ഥലം ഇപ്പോൾ കിനാലൂരിൽ വ്യവസായവകുപ്പിന്റെ അധീനതയിലുണ്ട്. കൂടാതെ 300 ഏക്കറിലധികം സ്ഥലം സർക്കാർ ഭൂമിയോട് തൊട്ട് കിടക്കുന്നുമുണ്ട്. എയിംസിന് അനുമതി ലഭിച്ചാൽ ഈ സ്ഥലങ്ങൾ സർക്കാരിന് ഏറ്റെടുക്കാൻ കഴിയും.
കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് 53 കിലോമീറ്റർ ദൂരമാണ് കിനാലൂരിലേക്കുള്ളത്. കോഴിക്കോട് നഗരത്തിൽനിന്ന് 28 കിലോമീറ്റർ ദൂരവുമുണ്ട്. കൊയിലാണ്ടി- താമരശ്ശേരി സംസ്ഥാന പാതയിൽ വട്ടോളി ബസാറിൽനിന്ന് കിനാലൂർ വ്യവസായകേന്ദ്രംവരെ 10 മീറ്റർ വീതിയിലുള്ള റോഡ് സൗകര്യം ഇപ്പോഴുണ്ട്. കോഴിക്കോട്-കക്കയം റോഡ് വഴിയും എളുപ്പത്തിൽ കിനാലൂരിൽ എത്താം. താമരശ്ശേരി-വയനാട് റോഡിൽനിന്ന് പത്ത് കിലോമീറ്റർ സഞ്ചരിച്ചാൽ കിനാലൂരിലെത്താം.




