Breaking News


ചുരം ബദൽറോഡ്: 600 കോടിയുടെ തുരങ്കപാതയ്ക്ക് പദ്ധതിരേഖ തയ്യാറായി- മന്ത്രി

താമരശ്ശേരി: താമരശ്ശേരി ചുരത്തിന് ബദൽപാത നിർമിക്കുന്നകാര്യം സർക്കാർ വലിയ പ്രാധാന്യത്തിലെടുത്തിട്ടുണ്ടെന്നും തുരങ്കപാത നിർമിക്കാൻ അറുനൂറ്് കോടി രൂപയുടെ പദ്ധതിക്ക് വിശദമായ പദ്ധതിരേഖ(ഡി.പി.ആർ.) തയ്യാറാക്കിയതായും പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ പറഞ്ഞു.
മണ്ണിടിച്ചിലിനെത്തുടർന്ന് ഗതാഗതം ദിവസങ്ങളോളം താറുമാറായ താമരശ്ശേരി ചുരം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ചുരത്തിൽത്തന്നെ താഴെമുതൽ മുകളിൽവരെയെത്തുന്ന തുരങ്കപാതയാണ് നിർമിക്കുന്നതെന്നുപറഞ്ഞ മന്ത്രി പിന്നീട് ഇത് വേറെ റോഡിലാണെന്ന് മാറ്റിപ്പറഞ്ഞു. ചുരത്തിന് ബദൽപാതയായി ഉയർത്തിക്കാണിക്കുന്ന ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി റോഡിൽ തുരങ്കപാത നിർമിക്കാനാണ് പദ്ധതി തയ്യാറായിരിക്കുന്നതെന്ന് പിന്നീട് ജോർജ് എം. തോമസ് എം.എൽ.എ. വിശദീകരിച്ചു.

കൊങ്കൺ റെയിൽവേ കോർപ്പറേഷനാണ് നിർമാണം ഏറ്റെടുക്കുകയെന്ന് മന്ത്രി വ്യക്തമാക്കി. വെസ്റ്റ് കൈതപ്പൊയിലിൽനിന്ന്‌ ഏഴാംവളവിലേക്ക് ബൈപ്പാസ് റോഡ് നിർമിക്കുന്നത് പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു.
ചിപ്പിലിത്തോടിനുസമീപം ചുരമിടിഞ്ഞുകിടക്കുന്ന ഭാഗം മന്ത്രി നേരിൽ കണ്ടു. ഇവിടെ സംരക്ഷണഭിത്തിനിർമാണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉദ്യോഗസ്ഥർ മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി. സംരക്ഷണഭിത്തിനിർമാണം ഊരാളുങ്കൽ ലേബർ സൊസൈറ്റി ഏറ്റെടുത്തതായും മൂന്നുമാസത്തിനുള്ളിൽ നിർമാണം പൂർത്തിയാകുമെന്നും മന്ത്രി പറഞ്ഞു. ചുരമിടിഞ്ഞ സംഭവം സർക്കാർ വളരെ പ്രാധാന്യത്തോടെയാണെടുത്തിട്ടുള്ളതെന്നും പൊതുമരാമത്ത് വകുപ്പിലെ മൂന്ന് ചീഫ് എൻജിനീയർമാരെ ഇങ്ങോട്ടയച്ച് നടപടികൾ വേഗത്തിലാക്കിയതായും അദ്ദേഹം പറഞ്ഞു. വലിയ വാഹനങ്ങൾ ചുരം റോഡുവഴി കടത്തിവിടുന്നത് നല്ലതല്ലെന്നും മന്ത്രി അറിയിച്ചു.
ചുരം റോഡിലെ വളവുകളിൽ വീതികൂട്ടി റോഡ് നിർമിക്കുന്നതിന് പദ്ധതി തയ്യാറായിട്ടുണ്ട്. ഇതിന് വനവകുപ്പിന്റെ അധീനതയിലുള്ള ഭൂമി വിട്ടുകിട്ടിയതാണ്.

ചുരത്തിൽ നിർമിക്കാനുദ്ദേശിക്കുന്ന പുതിയ ബൈപ്പാസ് റോഡ് ചെന്നുചേരുന്ന ഏഴാംവളവും അദ്ദേഹം സന്ദർശിച്ചു. ഗതാഗതവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത്, പൊതുമരാമത്ത് ദേശീയപാതാവിഭാഗം ചീഫ് എൻജിനീയർ സുരേഷ്, എക്സിക്യുട്ടീവ് എൻജിനീയർ വിനയരാജ്, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ ജമാൽ എന്നിവരും ഒപ്പമുണ്ടായിരുന്നു.