ലിനി മാലാഖയെന്ന വിശേഷണം അന്വർഥമാക്കി -മന്ത്രി ടി.പി. രാമകൃഷ്ണൻ
കോഴിക്കോട്: നിപ പ്രതിരോധ പ്രവർത്തനങ്ങളിൽനിന്ന് ലഭിച്ച അനുഭവങ്ങൾ ആരോഗ്യരംഗത്ത് ഭാവിയിലുണ്ടായേക്കാവുന്ന വെല്ലുവിളികളെ നേരിടാൻ കേരളത്തെ സഹായിക്കുമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ പറഞ്ഞു. കേരള ഗവ. നഴ്‌സസ് അസോസിയേഷൻ (കെ.ജി.എൻ.എ.) സംഘടിപ്പിച്ച ലിനി അനുസ്മരണവും സഹായധനം വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിപ പ്രതിരോധത്തിൽ പങ്കാളികളായ നഴ്‌സുമാരോട് സംസ്ഥാനം എന്നും കടപ്പെട്ടിരിക്കും. മാലാഖയെന്ന വിശേഷണം അന്വർഥമാക്കിയാണ് നഴ്‌സ് ലിനി കടന്നുപോയത്.
മഹത്തായ സേവന സന്നദ്ധതയുടെയും ത്യാഗത്തിന്റെയും പ്രതീകമായി ലോകം ഇന്ന് ലിനിയെ ആദരിക്കുന്നു. രോഗിയെ ശുശ്രൂഷിക്കുന്നതിനിടെ നിപാ വൈറസ് ബാധയേറ്റ് മരണത്തിലേക്ക് നീങ്ങുകയാണെന്ന് വ്യക്തമായിട്ടും നഴ്‌സിന്റെ ചുമതലയും അർപ്പണബോധവും മറ്റുള്ളവരുടെ ജീവൻ രക്ഷിക്കുന്നതിനുള്ള നിതാന്ത ജാഗ്രതയും ലിനി കൈവെടിഞ്ഞില്ലെന്നും മന്ത്രി പറഞ്ഞു. നിപ പ്രതിരോധപ്രവർത്തനത്തിലുൾപ്പെട്ട നഴ്‌സുമാർക്ക് അദ്ദേഹം ഉപഹാരങ്ങൾ നൽകി. അസോസിയേഷൻ അംഗങ്ങൾ പിരിച്ചെടുത്ത 13 ലക്ഷത്തോളം രൂപയിൽനിന്ന് ലിനിയുടെ കുടുംബത്തിനും രോഗവിമുക്തയായ നഴ്‌സിങ് വിദ്യാർഥിനി എം. അജന്യയ്ക്കും സഹായധനംനൽകി. ശേഷിച്ച ആറുലക്ഷം രൂപ നിർധനരായ വിദ്യാർഥികളെ സഹായിക്കുന്നതിനായി ലിനി ഫൗണ്ടേഷനായി നിക്ഷേപിക്കും.
അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ടി. സുബ്രഹ്മണ്യൻ അധ്യക്ഷതവഹിച്ചു. മേയർ തോട്ടത്തിൽ രവീന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി. ഉഷാദേവി, സി. ശിവദാസൻ, എം. മുരളീധരൻ, എൻ.ബി. സുധീഷ്‌കുമാർ എന്നിവർ സംസാരിച്ചു. തന്നെ സ്നേഹപൂർവം ശുശ്രൂഷിച്ച നഴ്‌സുമാരെപ്പോലെ നല്ല നഴ്‌സാകാൻ താനും പരിശ്രമിക്കുമെന്ന് എം. അജന്യ പറഞ്ഞു. ആരോഗ്യമന്ത്രി കെ.കെ. ശൈലജയടക്കമുള്ളവർ ആശ്വാസംപകർന്നു കൂടെനിന്നത് കരുത്തായെന്ന് ലിനിയുടെ ഭർത്താവ് സജീഷ് പറഞ്ഞു.





