ബാലുശ്ശേരി: ബസ്‌സ്റ്റാൻഡ് നവീകരണപ്രവൃത്തി നടക്കുന്നതിനാൽ ചൊവ്വാഴ്ചമുതൽ നഗരത്തിൽ ഗതാഗതനിയന്ത്രണമെന്ന അറിയിപ്പ് കടലാസിൽ ഒതുങ്ങി. നഗരത്തിലൂടെയുള്ള ബസുകളുടെയും മറ്റു വാഹനങ്ങളുടെയും ഗതാഗതം പതിവ് രീതിയിൽ തന്നെ നടന്നു. ചൊവ്വാഴ്ച നിലവിൽ വരുമെന്ന് അറിയിച്ചിരുന്ന പരിഷ്കരണങ്ങളൊന്നും നടപ്പായില്ല.
ബസ്‌സ്റ്റാൻഡിൽ ബസുകൾ സാധാരണ സർവീസ് നടത്തി. വട്ടോളി ബസാറിൽ റോഡിന്റെ വശങ്ങൾ തകർന്നതിനാലാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്താതിരുന്നതെന്ന് പോലീസ് അറിയിച്ചു. നഗരത്തിലെ ഗതാഗത നിയന്ത്രണത്തിന്റെ ചുമതല ബാലുശ്ശേരി പോലീസിനാണെന്നും വരുംദിവസങ്ങളിൽ ഗതാഗതനിയന്ത്രണ സംവിധാനം പ്രാവർത്തികമാകുമെന്നും ബാലുശ്ശേരി പഞ്ചായത്ത് അധികൃതർ പ്രതികരിച്ചു.
ഏത് പ്രതിസന്ധിയിലും നവീകരണപ്രവൃത്തി സുഗമമായി നടപ്പാക്കാൻ പഞ്ചായത്ത് മുൻകൈ എടുക്കുമെന്നും ബുധനാഴ്ചമുതൽ ബസ് സ്റ്റാൻഡിലെ ഗതാഗതം നിരോധിച്ചുകൊണ്ട് നവീകരണപ്രവൃത്തിക്ക് സൗകര്യമൊരുക്കുമെന്നും പഞ്ചായത്ത് അധികൃതർ പറഞ്ഞു.