Breaking News


ഞാന്‍ മരിക്കുകയാണെങ്കില്‍ ജാസി മോന്‍ വരാന്‍ കാത്തിരിക്കരുത്, എന്നെ അടക്കണം: പിതാവ് മുഹമ്മദ് ഷായുടെ വിയോഗത്തില്‍ ജാസ്മിന്‍ ഷായുടെ ഹൃദയം നുറുങ്ങുന്ന കുറിപ്പ്

പിതാവിന്റെ വിയോഗത്തില്‍ ഹൃദയം നുറുങ്ങുന്ന ഓര്‍മ്മകള്‍ പങ്കുവെച്ച് യുഎന്‍എ ദേശീയ പ്രസിഡന്റ് ജാസ്മിന്‍ ഷാ. കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നിനാണ് സ്വാകാര്യ ആശുപത്രിയില്‍ ചികിത്സയിലായരുന്ന മുഹമ്മദ് ഷാ അന്തരിച്ചത്. യുഎന്‍എ ഖത്തര്‍ ഘടകത്തിന്റെ വ്യത്യസ്ത പരിപാടികളുമായി വിദേശത്തായിരുന്നതിനാല്‍ ജാസ്മിന്‍ ഷായ്ക്ക് ഖബറടക്കത്തില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല.

 ശരീരത്തിന്റെ ചൂട് മാറുന്നതിന് മുമ്പ് തന്നെ മൃതദേഹം അടക്കം ചെയ്യണമെന്ന് മുഹമ്മദ് ഷായ്ക്ക് നിര്‍ബന്ധമുണ്ടായിരുന്നതിനാല്‍ മരിച്ച ഉടന്‍ തന്നെ ഖബറടക്കുകയായിരുന്നു. വിഷയത്തിന്റെ ഗൗരവം എയര്‍പോര്‍ട്ട് അധികൃതരെ ബോധ്യപ്പെടുത്തിയ ജാസ്മിന്‍ ഷാ നാട്ടിലെത്തിയപ്പോഴേക്കും ഏറെ വൈകിയിരിന്നു. പിതാവിനെ ഒരു നോക്ക് കാണാനാകാതെ ജാസ്മിന്‍ ഷാ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പാണ് ഇപ്പോള്‍ ഫേസ്ബുക്കില്‍ വൈറലായിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ഉപ്പ പോയി….
പ്രാർത്ഥിച്ചവർക്കെല്ലാം നന്ദി…
2007 ൽ ഞാൻ ഖത്തറിൽ ജോലിക്കായി പോയി ആദ്യ വെക്കേഷൻ കഴിഞ്ഞു പോകുമ്പോൾ എന്നോടും ജേഷ്ഠനോടും ഉപ്പ പറഞ്ഞു, ഞാൻ മരിക്കുകയാണെങ്കിൽ ജാസി മോൻ വരാൻ കാത്തിരിക്കരുത് എന്നെ അടക്കണം. ശരീരത്തിൽ നിന്നും ചൂട് വിടുന്നതിന് മുൻപ് ഖബറടക്കണം എന്ന്. പക്ഷേ ഞാൻ തമാശയായി പറയും എന്റെ അടക്കം കഴിഞ്ഞിട്ടേ ഉപ്പ അവിടെയെത്തുവെന്ന്. അവിടെ വെച്ച് കാണാം എന്നും. അതായിരുന്നു എന്റെയിഷ്ടവും.ഉപ്പയുടെ കണ്ണുനീർ കാണുന്നത് എനിക്ക് സഹിക്കാവുന്നതിലപ്പുറവുമായിരുന്നു. പ്രവാസി ജോലി അവസാനിപ്പിച്ചപ്പോൾ ഒരിക്കൽ സംസാരത്തിനിടയിൽ മരണം കടന്നു വന്നപ്പോൾ തമാശക്കായി ഉപ്പയോട് പറഞ്ഞു ഇനി പേടിക്കണ്ട ഉപ്പയാണ് ആദ്യം പോകുന്നതെങ്കിൽ ഞാൻ അരികിൽ തന്നെയുണ്ടാകും.
അത്രക്ക് സുഹ്യുത്തുക്കൾ ആയിരുന്നു ഞങ്ങൾ. അസുഖബാധിതനായ അന്ന് മുതൽ സംഘടനയുടെ തലപ്പത്ത് നിന്നും മാറി. പെട്ടെന്നുള്ള രാജി പലരും ചോദിച്ചു.ഓരോ കാര്യങ്ങൾ പറഞ്ഞ് ഞാൻ ഒഴിഞ്ഞുമാറി. യഥാർത്ഥത്തിൽ എന്റെ കരുത്ത്, പ്രചോദനമെല്ലാമായ ഉപ്പയുടെ ആയുസ്സ് ക്രിത്യമായി ഡോക്ടർമാർ പ്രവചിച്ചു.അരികിൽ തന്നെ നിൽക്കണം അതായിരുന്നു ആഗ്രഹം. സഹപ്രവർത്തകർ (സുജനപാൽ, ബെൽജോ, ബിബിൻ, ഷോബി, സുദീപ് എം.വി ) ഇവർക്ക് മാത്രം അറിയാമായിരുന്നു.എല്ലാ ദിവസവും ഉപ്പയോടൊപ്പം ഉണ്ടാകണമെന്ന ആഗ്രഹത്തോടൊപ്പം ഉപ്പ എന്നിൽ നിന്നാഗ്രഹിച്ച ഒരു കാര്യം നിന്നൊടൊപ്പം നിന്റെ പുതിയ വീട്ടിൽ താമസിക്കണം എന്നതായിരുന്നു.
2010 ൽ ആരംഭിച്ച പണി എത്രയും പെട്ടെന്ന് കഴിയുന്ന രീതിയിൽ തീർത്ത് ഉളളിൽ കയറണം ഉറപ്പിച്ചു.ഉപ്പയുടെ ആരോഗ്യസ്ഥിതി മോശമായി കോട്ടക്കൽ ആസ്റ്റർ മിംസ് ആശുപത്രിയിൽ പ്രവേശിച്ചു.3 മാസം പരമാവധി. നെഞ്ച് പിടഞ്ഞു. എന്നെ പഠിപ്പിക്കാനാണ് മക്കളിൽ ഏറ്റവും അധികം പണം ഉപ്പ ചിലവാക്കിയത്. എന്റെ ചികിത്സക്കായി ആണ് പൈസയേറെ ചിലവാക്കിയിട്ടുള്ളത്. എന്റെ പേരിലാണ് ഉപ്പയുടെ മനസ്സ് ഏറ്റവും അധികം നീറിയിട്ടുള്ളത്. എന്നെയോർത്താണ് പല രാത്രികളിലും ഉപ്പയുടെ ഉറക്കം നഷ്ടമായിട്ടുള്ളത്.
ആ ഉപ്പയുടെ ആഗ്രഹം പൂർത്തീകരിച്ച് അഭിമാനത്തോടെ ,സന്തോഷത്തോടെ ഒരു യാത്രയപ്പ് ആണ് ഞാൻ മനസ്സിൽ കരുതിയത്.ഭാര്യയെയും മക്കളെയും മിക്കപ്പോഴും ഇമോയിലൂടെ ഉപ്പയെ കാണിച്ച് കൊടുത്തു. ജേഷ്ഠനും ഭാര്യയും, ഇത്തയും ഭർത്താവും മക്കളും വാനോളം ഉപ്പയെ നോക്കിയപ്പോൾ അവിടെയും എന്റെ ചുമതലകൾ എത്രമാത്രം ചെയ്തുവെന്ന് എനിക്കറിയില്ല. ഏത് അബോധാവസ്ഥയിലും എന്റെ ശബ്ദം കേട്ടാൽ ഉപ്പ കണ്ണ് തുറക്കും, ചിരിക്കും, കഴിയാവുന്ന വിധം സംസാരിക്കും.
ജേഷ്ഠനും, ഇത്തയും കുടുംബവും മിക്ക ദിവസങ്ങളും അവധിയെടുത്ത് ഉപ്പയെ പരിചരിച്ചപ്പോൾ എന്നും എന്ത് തിരക്കായാലും ഞാൻ ആശുപത്രിയിൽ വന്നു ഉപ്പയോടൊപ്പം ചിലവഴിക്കുമായിരുന്നു. ജൂൺ 17ന് കുറച്ച് ആശ്വാസം ലഭിച്ചപ്പോൾ ഉപ്പയെ ഡിസ്ചാർജ്ജ് ചെയ്തു.ജൂൺ 19 ന് വീണ്ടും ഡോക്ടറെ കാണാൻ അപ്പോയ്മെന്റ് ഉണ്ടായിരുന്നു. ഒരു പാട് ദിവസം അവധിയായതിനാൽ ജേഷ്ഠൻ എന്നെ ആ കാര്യം ഏൽപ്പിച്ചു.ജേഷ്ഠൻ ആദ്യമായി എന്നെ ഒരു കാര്യം ഏൽപ്പിച്ചത് അതായിരുന്നു. വളരെ സന്തോഷമായി.
എന്റെ കൂടെ ഷോബി ജോസഫും, ബിനു തോമസും, നിതിനും ഉണ്ടായിരുന്നു. ഉപ്പയെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ആരോഗ്യ നില വീണ്ടും മോശമായതിനാൽ അഡ്മിറ്റ് ചെയ്തത്.സംസാരിക്കാൻ പ്രയാസമുണ്ടായിരുന്നുവെങ്കിലും അന്ന് ഞാനും ഉപ്പയും ഒറ്റക്ക് ഒരു പാട് സമയം ചിലവഴിച്ചത്. ഖത്തറിൽ ഒരു പരിപാടി ഉണ്ട് ,പോകുന്നില്ല എന്ന് പറഞ്ഞപ്പോൾ അതെന്താ പോകാത്തത്, പെരുന്നാളിനും ഷബ്നയും മക്കളും ഒറ്റക്കായിരുന്നില്ലേ, പരിപാടിക്ക് പോയിട്ട്, അത് കഴിഞ്ഞ് അവരെയും കൊണ്ട് ഇങ്ങോട്ട് വരാൻ പറഞ്ഞു, ഷബ്നയയെയും, മക്കളെയും കാണണം. പിന്നെ ഒന്നും ആലോചിച്ചില്ല ഖത്തറിൽ പോകാൻ തീരുമാനിച്ചു. പ്രധാനമായും 3 കാരണങ്ങൾ.
1. സ്വപ്നമായിരുന്ന യുഎൻഎ പ്രവാസി ഘടകമായ യുഎൻഐക്യുവിന്റെ പരിപാടിയിൽ പങ്കെടുക്കാം.
2. ജൂലൈ 5 ന് ഷബ്നയെയും മക്കളെയും നാട്ടിൽക്കൊണ്ട് വന്ന് ഉപ്പയെ കാണിക്കാം.
3. ഷബ്നയെക്കൊണ്ട് നിലവിലെ ലോൺ ടോപ്പ് അപ്പ് ചെയ്താൽ വീട് പണി യുദ്ധകാലാടിസ്ഥാനത്തിൽ തീർത്ത് ഉപ്പയോടൊപ്പം സ്വന്തം വീട്ടിൽ താമസിക്കാം.
ഖത്തറിൽ എത്തി, മനസ്സിൽ എന്നും ആശങ്ക ഉണ്ടായിരുന്നു. ചികിത്സയുടെയും ഏവരുടെയും പ്രാർത്ഥനകളും, അവസ്ഥ മോശമാകാതെ നിന്നു. ജൂൺ 27 ന് അൽപ്പം ഭേദം കണ്ടപ്പോൾ ഡിസ്ചാർജ്ജ് ആയി. 29 ന് വൈകുന്നേരം വിളിച്ചപ്പോഴും വലിയ പ്രശ്നമൊന്നുമില്ല. 30 പുലർച്ചെ ഹൃദയം നുറുങ്ങിയ വാർത്ത കേട്ടാണ് ഉണരുന്നത്.
ഉപ്പ പോയി.
ഉപ്പയുടെ ഒരാഗ്രഹവും പൂർത്തീകരിച്ച് നൽകാൻ കഴിയാത്ത പരാജിതനായ മകൻ. കണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയാണെനിക്കെന്ന് സുഹ്യുത്തുക്കൾ കളിയാക്കാറുണ്ട്. ഞാനതിൽ സന്തോഷിച്ചിരുന്നു. പക്ഷേ സ്വയം നിയന്ത്രിക്കാൻ പോലും കഴിയാത്ത ഒരു മനുഷ്യനാണെന്ന തിരിച്ചറിവ്. ഒരിക്കലും കരഞ്ഞിട്ടില്ല, കരയില്ല എന്ന എന്റെ വീമ്പിളിക്കൽ പൊളിഞ്ഞു പോയ ദിവസം.നിയന്ത്രിക്കാൻ ശ്രമിച്ചിട്ടും തോരാത്ത കണ്ണുനീരിനുടമ. ഞാൻ തിരിച്ചറിയുന്നു എന്റെ മുകളിൽ പറഞ്ഞ അഹങ്കാരത്തിനെല്ലാം കാരണം എന്റെ ഉപ്പയായിരുന്നു.എന്റെ ശക്തി.
ഉപ്പയുടെ വാക്ക് അറം പറ്റി, ആദ്യം ഉപ്പ തന്നെ യാത്രയായി. അതും എനിക്ക് അവസാനമായി ഒന്ന് കാണാൻ കഴിയാതെ, ഒരുമ്മ നൽകാൻ കഴിയാതെ. ബ്ലീഡിഗും, നീരും മൂലം കാത്ത് വെക്കാൻ കഴിയാത്തതിനാൽ ഖബറടക്കി. ഉപ്പയുടെ ആഗ്രഹം പോലെ ശരീരത്തിന്റെ ചൂടാറുന്നതിന് മുൻപേ… പരാജിതനായി ഞാൻ.
പ്രവാസം ജീവിതം നയിക്കുന്ന ഷബ്നക്കോ, മക്കൾക്കോ അവസാനമായി ഒന്ന് കാണാൻ പോലും കഴിഞ്ഞില്ല. തന്റെ പ്രിയപ്പെട്ടവർ വിട്ടു പോകുമ്പോൾ ഓരോ പ്രവാസിയും അനുഭവിക്കുന്ന വേദന ഞാനും ഭാര്യയും മക്കളും ഇന്നനുഭവിച്ചു.
മാതാപിതാക്കളെ സ്നേഹിക്കുക…
പണമോ, അധികാരമോ, സമ്പത്തോ ഒന്നും
അവർക്ക് പകരം വെക്കാൻ കഴിയില്ല സുഹ്യുത്തുക്കളെ…
മകനായ എന്നെക്കാൾ ഉപ്പയെ സ്വന്തമെന്ന പോലെ പരിചരിച്ച ഒരു പാട് പേരുണ്ട്. കുടുംബാംഗങ്ങൾ, യുഎൻഎയിലെ അംഗങ്ങൾ, സഹപ്രവർത്തകർ , കോട്ടക്കൽ ആസ്റ്റർ മിംസിലെ നേഴ്സുമാർ, ഡോക്ടർമാർ, മാനേജ്മെന്റ്റ് പാരാ- മെഡിക്കൽ- ക്ലീനിംഗ്- അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാരടക്കം മുഴുവൻ പേരും. ഉപ്പയുടെ മരണവാർത്തയറിഞ്ഞ് ഖത്തറിലെ വീട്ടിലേക്ക് ഓടിയെത്തിയ ടിജോ ജോസ്, സജഞുക്ക, അരുൺ ബാബു, ദീപുവേട്ടൻ, സ്മിതേച്ചി, ഫോൺ വിളിച്ചും, മേസേജുകൾ വഴിയും സമാധാനിപ്പിക്കുകയും കൂടെയുണ്ടെന്ന ആശ്വസിപ്പിക്കുകയും ചെയ്ത പ്രിയപ്പെട്ടവർ ,എന്റെ അഭാവത്തിലും ഉപ്പയെ യാത്രയാക്കാനെത്തിയ സഹപ്രവർത്തകരായ സുദീപ് എം.വി, വൽസേട്ടൻ, സുനീഷ്, അഭീഷ്, മിനി സിസ്റ്റർ, അജഞു, ഷിപ്സൻ തുടങ്ങി നിരവധി പേർ, എയർ പോർട്ടിൽ എന്നെയെടുക്കാനായിത്തിയ പ്രിയ ബെൽജോ, ഹാരിസ്, ഷെൽവൻ, നിപുൺ നാട്ടുകാർ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, പ്രവർത്തകർ, കൂട്ടുകാർ,രാത്രി ഏറെ വൈകിയും വീട്ടിലെത്തിയ ഷെബീർക്ക, ഷംസു, കിരൺ, സെബിൻ, അരുൺ ജോഷി, ബിനു.ഇവരോടൊക്കെ എങ്ങിനെ കടപ്പാട് പറയണമന്നറിയില്ല. മറക്കില്ലൊരിക്കലും.