ആർ.സി.സി.യിലെ കാൻസർരോഗികളുടെ പേരിൽ തലമുടിത്തട്ടിപ്പ്

ആർ.സി.സി.യുടെ പേരിൽ പലേടത്തും നടക്കുന്ന തലമുടിത്തട്ടിപ്പാണ് ഇതിനൊരു കാരണം. ഇതിനുപുറമേ, കാൻസർ രോഗികൾക്ക് വിഗ് നിർമിക്കാൻ മുടി ദാനംചെയ്യണമെന്ന വ്യാജപ്രചാരണം സാമൂഹിക മാധ്യമങ്ങളിൽ ഏറെനാളായി നടക്കുന്നുമുണ്ട്.
ആർ.സി.സി.യിലേക്കെന്ന വ്യാജേന സ്കൂളുകളിലും കോളേജുകളിലുംനിന്ന് വിഗ് നിർമാണത്തിനായി പെൺകുട്ടികളുടെ മുടി തട്ടിയെടുക്കുന്ന ചില സംഘങ്ങൾ പ്രവർത്തിക്കുന്നുവെന്നാണ് ഇത് നൽകുന്ന സൂചന.
കീമോതെറാപ്പിക്ക് വിധേയരാവുന്നവരുടെ മുടി കൊഴിയുമ്പോൾ അവർക്ക് സൗജന്യമായി വിഗ് നിർമിച്ചുനൽകാനെന്ന് പറഞ്ഞാണ് പെൺകുട്ടികളുടെ മുടി മുറിച്ചെടുക്കുന്നത്. ചില കുട്ടികൾ ആർ.സി.സി.ക്കായി മുടി ദാനംചെയ്തെന്നും കൂടുതൽപേർ തയ്യാറാണെന്നും അറിയിച്ച് ചില വിദ്യാലയങ്ങൾ ആർ.സി.സി.യെ സമീപിച്ചപ്പോഴാണ് തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടത്. ഈ വ്യാജപ്രചാരണത്തിൽ വിശ്വസിക്കരുതെന്നും ആർ.സി.സി.യിൽ തലമുടി സ്വീകരിക്കാൻ സംവിധാനമില്ലെന്നും അധികൃതർ അറിയിച്ചു.
തലമുടിദാനത്തിന് തയ്യാറായി നൂറുകണക്കിന് ആളുകളാണ് ആർ.സി.സി.യെ സമീപിക്കുന്നതെന്ന് പബ്ലിക് റിലേഷൻസ് ഓഫീസർ സുരേന്ദ്രൻ ചുനക്കര പറഞ്ഞു. കാൻസർ രോഗികൾക്കുള്ള മുടിദാനം ജീവകാരുണ്യ പ്രവർത്തനമായിക്കണ്ടാണ് ഇവർ വരുന്നത്. എന്നാൽ, രോഗികളുടെ പേരുപറഞ്ഞ് സ്കൂളുകളിലും കോളേജുകളിലും മുടി സ്വീകരിക്കാനെത്തുന്നവർ ആരെന്നുപോലും അന്വേഷിക്കാതെയാണ് വിദ്യാലയാധികൃതർ പ്രോത്സാഹിപ്പിക്കുന്നത്. ആർ.സി.സി.യുടെ പേരുപറയുന്നതോടെ അവരെ കണ്ണടച്ച് വിശ്വസിക്കുന്നു.
‘‘ദാനംകിട്ടുന്ന മുടികൊണ്ട് കാൻസർരോഗികൾക്ക് വിഗ് നിർമിച്ചുനൽകുന്ന സംഘടനകൾ പ്രവർത്തിക്കുന്നുണ്ടാവാം. എന്നാൽ, ഇതിനായി ആരെയും ചുമതലപ്പെടുത്തിയിട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇൻഷുറൻസിന്റെ പേരിലും വ്യാജപ്രചാരണം
2014-ൽ ആർ.സി.സി. നിർത്തലാക്കിയ കാൻസർ കെയർ ഫോർ ലൈഫ് എന്ന ഇൻഷുറൻസ് പദ്ധതിയിൽ ചേരാൻ സാമൂഹികമാധ്യമങ്ങളിലൂടെ ഇപ്പോഴും ചിലർ ആഹ്വാനംചെയ്യുന്നുണ്ട്. പ്രധാനമന്ത്രിയുടെ സ്വപ്നപദ്ധതി, മുഖ്യമന്ത്രിയുടെ സ്വപ്നപദ്ധതി എന്നൊക്കെ വിശേഷിപ്പിച്ചാണ് പ്രചാരണം. ഈ പദ്ധതിയിൽ പുതിയ അംഗങ്ങളെ ചേർക്കുന്നില്ലെന്നും നേരത്തേ അംഗത്വമെടുത്തവർക്ക് ആനുകൂല്യം ലഭിക്കുമെന്നും ആർ.സി.സി അറിയിച്ചു.
കടപ്പാട് : മാതൃഭൂമി




