Breaking News


സര്‍ക്കാര്‍ വാക്കുപാലിച്ചു, ലിനിയുടെ ഭര്‍ത്താവിന് ജോലി നല്‍കി

കോഴിക്കോട്: നിപ്പ വൈറസ് ബാധയുള്ളവരെ ചികില്‍സിക്കുന്നതിനിടയില്‍ മരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ താല്‍ക്കാലിക നഴ്സ് ലിനിയുടെ ഭര്‍ത്താവിന് ജോലി നല്‍കി സര്‍ക്കാര്‍ വാക്കുപാലിച്ചു. കോഴിക്കോട് ഡി.എം.ഒ ഓഫീസിൽ എല്‍.ഡി ക്ലാർക്കായാണ് നിയമനം. ഇത് സംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങി.

രണ്ടു കുഞ്ഞുമക്കളാണ് ലിനിക്കുള്ളത്. മനാമയില്‍ അക്കൗണ്ടന്‍റായിരുന്ന ലിനിയുടെ ഭര്‍ത്താവ് ലിനിക്ക് നിപ്പ സ്ഥിരീകരിച്ചതോടെ നാട്ടിലെത്തിയിരുന്നു. നിപ്പ ബാധിച്ച ചികില്‍സ തേടിയവരെ പരിചരിക്കുന്നതിനിടയിലാണ് ലിനിക്കും നിപ്പ സ്ഥിരീകരിച്ചത്. ചികില്‍സയിലായിരുന്ന ലിനി മെയ് 21ന് മരണത്തിന് കീഴടങ്ങുകയായിരുന്നു.