Breaking News


പഞ്ചഗുസ്തി ഗോൾഡ് മെഡൽ ജേതാവിന് ലോക മത്സരത്തിൽ പങ്കെടുക്കാൻ പണമില്ല

കോഴിക്കോട്: പങ്കെടുക്കാൻ യോഗ്യത നേടിയിട്ടും ദേശീയ പഞ്ചഗുസ്തി മത്സരത്തിലെ സ്വർണ്ണ മെഡൽ ജേതാവിനു ലോക പഞ്ച ഗുസ്തി മത്സരത്തിൽ പങ്കെടുക്കാൻ പണം തടസ്സമാവുന്നു. ഹിജാബ് ധരിച്ച ബോഡി ബിൽഡർ എന്ന പേരിൽ പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിലൂടെ ശ്രദ്ധനേടിയ കായികതാരം മജിസിയ ഭാനുവാണ് ലോക പഞ്ചഗുസ്തി മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടിയിട്ടും പണമില്ലാതെ പ്രയാസപ്പെടുന്നത്. സ്‌​പോൺസർമാരെ തേടി അലഞ്ഞുവെങ്കിലും ആരും സഹായിക്കാൻ തയ്യാറായില്ല. സഹായത്തിന് വകുപ്പില്ലെന്നു പറഞ്ഞ് സർക്കാരും അവഗണിച്ചു.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 20 പേരെ തോൽപ്പിച്ചാണ് ലഖ്‌​നോവിൽ നടന്ന ദേശീയ മത്സരത്തിൽ മജിസിയ ഭാനു വിജയിയായത്. ഒക്ടോബറിൽ തുർക്കിയിൽ നടക്കുന്ന ലോക പഞ്ചഗുസ്തി മത്സരത്തിൽ പങ്കെടുക്കാൻ ജൂലായ് പത്തിന് മുമ്പ് പണമടയ്ക്കണം. യാത്ര ചെലവുൾപ്പെടെ മത്സരിക്കുന്നതിന് അഞ്ചു ലക്ഷം രൂപ ചിലവു വരും. ഇത്രയും പണം ചെലവാക്കാൻ മജിസിയയ്ക്കാവില്ല. സമയത്തിനു പണമടച്ചില്ലെങ്കിൽ അവസരം നഷ്ടമാകുമെന്ന അങ്കലാപ്പിലാണ് മജിസിയ ഭാനു.

ന്യൂനപക്ഷ വകുപ്പ് മന്ത്രിക്കു മുന്നിൽ വിഷയം അവതരിപ്പിച്ചപ്പോൾ കല്യാണം, അസുഖം വീട് എന്നിവയ്ക്കു മാത്രം സഹായം നൽകുമെന്നായിരുന്നു മറുപടി. ഹിജാബ് ധരിച്ച് മത്സരത്തിൽ പങ്കെടുക്കുന്ന തനിക്കെതിരെ ഭീഷണി ഉണ്ടായിട്ടുണ്ട്. ഫാഷൻ ഷോയിൽ പങ്കെടുത്തപ്പോൾ അതു കൂടതലായി. എന്നാൽ എല്ലാ വിലക്കുകളും മറികടന്ന് കായിക ലോകത്തേക്ക് ഹിജാബ് ധരിച്ച് എത്തിയ കരുത്തുറ്റ വനിതയെ പ്രോൽസാഹിപ്പിക്കാൻ സർക്കാർ പോലും തയ്യാറാവാത്ത സാഹചര്യമാണുള്ളത്.

വടകരയിലെ സാധാരണ മുസ്ലീം കുടുംബത്തിൽ നിന്ന് കായിക മേഖലയിലെ അഭിമാനതാരമായി വളരുന്ന തനിക്ക് സ്വന്തം സംസ്ഥാനത്തു നിന്നു പോലും പ്രോത്സാഹനവും സഹായവും ലഭിക്കാത്തത് വേദനയുണ്ടാക്കുന്നുവെന്ന് മജിസിയ പറയുന്നു.


മൂന്നു തവണ സ്‌ട്രോംഗ് വുമണായും അഞ്ചു തവണ കോഴിക്കോട് ജില്ലയിലെ സ്‌​ടോംഗ് വുമണായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് ഈ കോഴിക്കോടുകാരി. ഏഷ്യൻ പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പ്, ദേശീയ അൺ എക്യുപ്ഡ് ചാമ്പ്യൻഷിപ്പ്, ഏഷ്യൻ ക്ലാസിക് പവർ ലിഫ്റ്റിംഗ് എന്നിവയിൽ വെള്ളിമെഡൽ നേടിയിട്ടുണ്ട്. പവർ ലിഫ്റ്റിംഗിലെ നേട്ടങ്ങൾക്കു പിറകെയാണ് പഞ്ചഗുസ്തിയും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചത്.