മഴ കനത്തു, വെള്ളപ്പൊക്കത്തിനും ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത ; ജാഗ്രതാനിര്‍ദേശം നല്‍കി

വില്ലേജാഫീസര്‍മാര്‍ മുതല്‍ പോലീസ്, അഗ്നിശമനവിഭാഗം ജില്ലാ കളക്ടര്‍മാര്‍ എന്നിവര്‍ക്കെല്ലാം ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പടിഞ്ഞാറന്‍ മേഖലകളില്‍ ബീച്ചില്‍ പോകരുതെന്നും കിഴക്കന്‍ പ്രദേശങ്ങളിലെ രാത്രി യാത്രകള്‍ ഒഴിവാക്കാനും നിര്‍ദേശമുണ്ട്.
ഇന്നലെ വൈകുന്നേരം മുതല്‍ തുടങ്ങിയ ശക്തമായ മഴ നേരിയ ശമനത്തിന് ശേഷം ചൊവ്വാഴ്ച വീണ്ടും ശക്തമായി തന്നെ കേരളത്തില്‍ ഉടനീളം പെയ്യുകയാണ്. ഇന്ന് മുതല്‍ 24 മണിക്കൂറിനുള്ളില്‍ 20 സെന്റീമീറ്റര്‍ വരെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പറയുന്നത്. തിരുവനന്തപുരത്തെ മലയോര പ്രദേശങ്ങളില്‍ കനത്ത മഴയാണെങ്കിലും അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അതേസമയം തിരുവനന്തപുരം നഗരത്തില്‍ ശക്തമായ മഴയാണ്.
ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി 7 മുതല്‍ പുലര്‍െച്ച വരെയുള്ള യാത്ര ഒഴിവാക്കാനും റോഡരികില്‍ വാഹനം നിര്‍ത്തുന്നത് കര്‍ശനമായി നിരോധിക്കാനും പോലീസുകാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബീച്ചില്‍ പോകരുതെന്നും ജനങ്ങള്‍ ജാഗരൂകരായിരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. മദ്ധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും മഴ ശമനമില്ലാതെ തുടരുകയാണ്. സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിരിക്കുകയാണ്. ഉദ്യോഗ്‌സഥരോട് ദുരിതബാധിത പ്രദേശത്തേ്ക്ക് പോകാന്‍ നിര്‍ദേശം നല്‍കി.
ശക്തമായ കടല്‍ക്ഷോഭത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. എറണാകുളം ജില്ലയുടെ കിഴക്കന്‍ പ്രദേശങ്ങളിലെ ആദിവാസി മേഖലകള്‍ വെള്ളത്തിലായി. ഒറ്റപ്പെട്ട ഇവിടെ ഇവര്‍ക്ക് അടിയന്തിര സഹായം നല്‍കാന്‍ റവന്യൂവകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വടക്കന്‍ കേരളത്തില്‍ വയനാട്ടിലും മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. കല്‍പ്പറ്റയിലെ റോഡുകളിലെല്ലാം വെള്ളം കുത്തിയൊഴുകി സഞ്ചാരം പോലും തടസ്സപ്പെട്ട നിലയിലാണ്. 15 കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുന്നു.
ആശങ്കപ്പെടേണ്ട സാഹചര്യമില്ല. കണ്‍ട്രോള്‍ റൂമുകള്‍ സജ്ജമാണ് പോലീസും റവന്യൂവകുപ്പും അഗ്നിശമനസേനയും രംഗത്തുണ്ട്. ഉരുള്‍പൊട്ടല്‍, മണിണിടിച്ചില്‍ സാധ്യതയുണ്ട്. നിരത്തിലൂടെയുള്ള ഗതാഗതം ഒഴിവാക്കാന്‍ നിര്‍ദേശമുണ്ട്. മഴ ദുരിതം വിതച്ച സാഹചര്യം നില നില്‍ക്കുന്നതിനാല്‍ എല്ലാ കളക്ടര്‍മാര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കി. വില്ലേജ് ഓഫീസര്‍മാര്‍ അടിയന്തിര സാഹചര്യം ഉണ്ടായാല്‍ ദുരിതാശ്വാസ ക്യാമ്പ് തുറക്കാനും നിര്‍ദേശമുണ്ട്.




