Breaking News


വയലട വിളിക്കുന്നു മഴക്കാലം ആസ്വദിക്കാൻ

ബാലുശ്ശേരി: മഴക്കാലമാണെന്ന് കരുതി മടിപിടിച്ചിരിക്കേണ്ട. ഓരോ മൺസൂണും പ്രകൃതി തരുന്ന നിധിയാണ്. കാട്ടുപച്ചയും ആകാശനീലിമയും നീരുറവകളും സംഗമിക്കുന്ന വയലട സഞ്ചാരികളെ വരവേൽക്കാൻ അണിഞ്ഞൊരുങ്ങി കഴിഞ്ഞു. ഇനി മൺസൂൺ ടൂറിസത്തിന്റെ സജീവ ദിനങ്ങൾ.

മൺസൂൺ ടൂറിസത്തിൽ മലബാറിലെ ശ്രദ്ധാകേന്ദ്രമാകാനുള്ള തയ്യാറെടുപ്പിലാണ് വയലട. മൺസൂണിലെ അല്പം തെളിഞ്ഞ കാലാവസ്ഥയുള്ള ദിനങ്ങൾ വയലട യാത്രയ്ക്ക് തിരഞ്ഞെടുക്കുന്നവരെ കാത്തിരിക്കുന്നത് നയന മനോഹരമായ കാഴ്ചകളാണ്.

മഴയും വെയിലും ഇടകലർന്ന ദിനങ്ങളിൽ വയലട വ്യൂ പോയന്റിലെത്തുന്ന സഞ്ചാരികളുടെ എണ്ണവും വർധിച്ചു വരികയാണ്. മഴയെ ആസ്വദിക്കാനുള്ള മനസ്സോടെ യാത്ര ചെയ്യാനുള്ള തയ്യാറെടുപ്പാണ് ആദ്യം വേണ്ടത്.
മഴ ഉണ്ടെങ്കിലും ഇല്ലെങ്കിലും വയലടയിലെ 2,000 അടി മുകളിൽ നിന്നുള്ള കാഴ്ച ആകർഷണീയം തന്നെ. കൺമുന്നിൽ മേഘ കൂട്ടങ്ങളും അതിനെ താഴെ നിരനിരയായി മലനിരകളും ജലാശയങ്ങളും അണിനിരക്കുന്ന കാഴ്ച ഏതൊരു യാത്രികനും ആഗ്രഹിക്കുന്നതിലും അപ്പുറമാണ്.

ഈ കാഴ്ചയും കാലാവസ്ഥയും തന്നെയാണ് വയലടയെ മലബാറിന്റെ ’ഗവി’ ആക്കി മാറ്റുന്നത്. ബാലുശ്ശേരിയിൽ നിന്ന 12 കിലോമീറ്റർ അകലെയാണ് വയലടയിലെ വ്യൂ പോയൻറുകൾ. കോഴിക്കോട് നിന്ന് വരുന്നവർക്ക് ബാലുശ്ശേരി വഴിയും താമരശ്ശേരി വഴി വരുന്നവർക്ക് എസ്റ്റേറ്റ് മുക്ക് വഴിയും വയലടയിലെത്താം.

ബാലുശ്ശേരിയിൽ നിന്ന് മണിക്കൂറുകളുടെ ഇടവേളയിൽ കെ.എസ്.ആർ.ടി.സി. ബസ് സർവ:സുണ്ട്. മുള്ളൻകുന്ന് മലയിലെ വ്യൂ പോയന്റിലേക്കുള്ള കയറ്റം അത്ര പ്രയാസമുള്ളതല്ല. ബാലുശ്ശേരിയിൽ നിന്ന് വളഞ്ഞും പുളഞ്ഞും മലമ്പാതകൾ കയറി മുകളിലെത്തുന്ന സഞ്ചാരിയെ കാത്തിരിക്കുന്നത് വീണ്ടും വരാൻ പ്രേരിപ്പിക്കുന്ന കാഴ്ചകൾ.

കക്കയം റിസർവോയർ, കൂരാച്ചുണ്ട്, കക്കയം, പേരാമ്പ്ര ടൗണുകളുടെ ദൃശ്യങ്ങളും ഇവിടെ നിന്ന് കാണാം.


Courtesy :Mathrubhoomi
Picture Courtesy : Google