Breaking News


ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് സെന്റർ ഒരുങ്ങി

ബാലുശ്ശേരി: താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് സംവിധാനമൊരുങ്ങി. എന്നാൽ ഉദ്ഘാടനത്തിന് ഇനിയും കടമ്പകൾ ഏറെയുണ്ട്‌. അഞ്ച് ഡയാലിസിസ് യൂണിറ്റാണ് ആരോഗ്യവകുപ്പ് അനുവദിച്ചത്. ആശുപത്രിയിലെ പുതിയ കെട്ടിടത്തിൽ അഞ്ച് ഡയാലിസിസ് യൂണിറ്റുകൾ ഇതിനകം സജ്ജമായിട്ടുണ്ട്‌. എന്നാൽ ഈ യൂണിറ്റുകൾ രോഗികൾക്ക്‌ പ്രയോജനപ്പെടണമെങ്കിൽ കടമ്പകൾ ഏറെയുണ്ട്.

പദ്ധതിയുടെ സുഗമമായ പ്രവർത്തനത്തിന് മൂന്നുകോടി രൂപ പൊതുജനങ്ങളിൽനിന്ന്‌ സ്വരൂപിക്കാനാണ് ബ്ലോക്ക് പഞ്ചായത്ത് ലക്ഷ്യമിട്ടിരുന്നത്. ഇതിനുള്ള പ്രവർത്തനങ്ങളും നടത്തിയിരുന്നു. ഒരു കോടിയിലേറെ തുക ശേഖരിക്കാനും കഴിഞ്ഞു. ഡയാലിസിസ് സെന്ററിലേക്ക് ആവശ്യമായ ശുദ്ധജലം എത്തിക്കുന്നതിനായി ആശുപത്രിക്കടുത്ത വയലിൽ നിർമിച്ച കിണറിലെ വെള്ളത്തിൽ മലിനജലം കലർന്നതിനാൽ ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയാണുള്ളത്. അതിനാൽ ജപ്പാൻ കുടിവെള്ളപദ്ധതിയുടെ കണക്‌ഷൻ ആശുപത്രിയിലേക്ക് എടുത്തിരിക്കുകയാണ്. ഡയാലിസിസ് സെന്ററിൽനിന്നും പുറത്തുവിടുന്ന മലിനജലം ശേഖരിക്കാൻ വലിയ ടാങ്ക് ആവശ്യമുണ്ട് ഇതിനായി കുഴിനിർമിക്കാനുള്ള സ്ഥലം കണ്ടെത്തണം.

നിലവിലുള്ള ടാങ്കിൽ കൂടുതൽ വെള്ളം ശേഖരിക്കാൻ കഴിയില്ല. ഡയാലിസിസ് സെന്ററിന്‌ ആവശ്യമായ സംവിധാനങ്ങൾ ഒരുക്കിയാൽ മാത്രമേ ഉദ്ഘാടനം നടത്താൻ കഴിയുകയുള്ളൂ. ഡയാലിസിസ് സെന്റർ ഉടൻ പ്രാവർത്തികമാകുമെന്ന പ്രതീക്ഷയിലാണ് ഡയാലിസിസ് രോഗികൾ. ഡയാലിസിസ് സെന്ററിന് ആവശ്യമായ സംവിധാനങ്ങൾ ഒരുക്കി എത്രയും പെട്ടെന്ന് രോഗികൾക്ക് ഉപയോഗപ്പെടുത്താനുള്ള പരിശ്രമത്തിലാണെന്ന് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ചന്ദ്രൻ പറഞ്ഞു. ഡയാലിസിസ് സെന്ററിലേക്ക് ആവശ്യമായ ജീവനക്കാരുടെ ഇന്റർവ്യൂ അടുത്ത ദിവസങ്ങളിൽ നടക്കും.