കട്ടിപ്പാറ ഉരുൾപൊട്ടൽ: ദുരിതബാധിതർക്ക് തണലൊരുക്കാൻ നാടൊന്നിക്കുന്നു

ഭവനരഹിതരായവരുടെയും വീടുകൾ ഭാഗികമായി തകർന്നവരുടെയും, ഉരുൾപൊട്ടൽ സാധ്യത ഭയന്ന് നിലവിലുള്ള വീട്ടിൽ താമസിക്കാൻ കഴിയാത്തവരുടെയും പുനരധിവാസം ഉറപ്പുവരുത്തും. സ്ഥലം വാങ്ങുന്നതിനും വീട് നിർമിക്കുന്നതിനും സർക്കാർ സഹായം ലഭിച്ചവർക്ക് തികയാതെ വരുന്ന പണം നൽകിക്കൊണ്ട് പദ്ധതി പൂർത്തിയാക്കും. ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ച് റവന്യൂവകുപ്പിന്റെയും സാങ്കേതിക വിദഗ്ധരുടെയും സഹായത്തോടെ വിശദമായ റിപ്പോർട്ട് തയ്യാറാക്കി മുൻഗണനാക്രമത്തിൽ നിർമാണപ്രവൃത്തികൾ ആരംഭിക്കാൻ കമ്മിറ്റി തീരുമാനിച്ചതായും എം.എൽ.എ. പറഞ്ഞു.
എം.എൽ.എ. ചെയർമാനും താമരശ്ശേരി തഹസിൽദാർ സി. മുഹമ്മദ് റഫീഖ് കൺവീനറും, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിധീഷ് കല്ലുള്ളതോട് വർക്കിങ് കൺവീനറും ഡോ. സയ്യിദ് അബ്ദുൽസബൂർ ബാഹസൻ തങ്ങൾ ട്രഷററുമായി 21 അംഗ കമ്മിറ്റിക്കാണ് രൂപം നൽകിയത്. ആർ.പി. ഭാസ്കരക്കുറുപ്പ്, എ. അരവിന്ദൻ, നജീബ് കാന്തപുരം, ഷാൻ കട്ടിപ്പാറ എന്നിവരെ വൈസ് ചെയർമാന്മാരായും നാസർ ഫൈസി കൂടത്തായി, പി.സി. തോമസ്, സി.കെ.എ. ഷമീർ ബാവ എന്നിവരെ ജോയന്റ് കൺവീനർമാരായും തിരഞ്ഞെടുത്തു. ചെയർമാൻ, കൺവീനർ, ട്രഷറർ എന്നിവരുടെ പേരിൽ താമരശ്ശേരി ഫെഡറൽ ബാങ്കിൽ കട്ടിപ്പാറ കരിഞ്ചോല റിഹാബിലിറ്റേഷൻ കമ്മിറ്റി എന്ന പേരിൽ ജോയന്റ് അക്കൗണ്ട് തുറന്നു. അക്കൗണ്ട് നമ്പർ: 14140100210598. ഐ.എഫ്.എസ്.കോഡ്: എഫ്.ഡി.ആർ.എൽ. 0001414.




