തെരുവുവിളക്കുകൾ കത്തുന്നില്ല: ബാലുശ്ശേരി ടൗൺ ഇരുട്ടിൽ

ബാലുശ്ശേരി ∙ കടകൾ അടയ്ക്കുന്നതോടെ ടൗൺ പൂർണമായി ഇരുട്ടിൽ. ടൗണിലും സമീപപ്രദേശങ്ങളിലും തെരുവുവിളക്കുകൾ മിക്കതും കത്താത്തത് കാരണം നാട്ടുകാർ പ്രയാസം നേരിടുന്നു. പൊലീസ് വ്യാപാരികളും ബാങ്കുകളുമായി സഹകരിച്ച് നടപ്പാക്കുന്ന ‘മിഴിപൂട്ടാതെ നഗരം’ പദ്ധതിയുടെ പൂർണമായ പ്രയോജനം ലഭിക്കണമെങ്കിൽ രാത്രി നഗരത്തിൽ വെളിച്ചം കൂടി ഉണ്ടാകണം. പദ്ധതിയുടെ ഭാഗമായ സിസി ടിവി ക്യാമറകൾ എല്ലാം നൈറ്റ് വിഷൻ സൗകര്യമുള്ളതല്ല. നേരത്തെ നടന്ന പല മോഷണങ്ങൾക്കും തുമ്പ് കണ്ടെത്താൻ കഴിയാതിരുന്നതിന് അങ്ങാടിയിൽ വെളിച്ചമില്ലാത്തത് ഒരു പ്രധാന കാരണമായിരുന്നു. അന്ന് നിരവധി ക്യാമറകൾ പരിശോധിച്ചെങ്കിലും ഇരുട്ട് കാരണം ഒന്നിൽപോലും ദൃശ്യങ്ങൾ പതിഞ്ഞിരുന്നില്ല.
ടൗണിലെ പ്രധാന ഭാഗങ്ങളിൽ വെളിച്ചം ലഭിക്കുന്നതിനായി മാസങ്ങൾക്ക് മുൻപ് എം.കെ. രാഘവൻ എംപിയുടെ ഫണ്ട് ഉപയോഗിച്ച് ഹൈമാസ്റ്റ് ലൈറ്റ് ലഭ്യമാക്കിയെങ്കിലും രാഷ്ട്രീയ തർക്കം കാരണം ഇതുവരെ സ്ഥാപിക്കാനായിട്ടില്ല. ലൈറ്റ് സ്ഥാപിക്കുന്ന സ്ഥലത്തെ ചൊല്ലി തർക്കമുണ്ടായതോടെ പഞ്ചായത്ത് നടപടികളിൽ നിന്ന് പിൻവാങ്ങി. ബസ് സ്റ്റാൻഡിന്റെ പ്രവേശന ഭാഗത്ത് ലൈറ്റ് സ്ഥാപിക്കണമെന്നായിരുന്നു യൂത്ത് കോൺഗ്രസിന്റെ ആവശ്യം.
സ്റ്റാൻഡ് നവീകരിക്കുന്നതിനാൽ അവിടെ ലൈറ്റ് സ്ഥാപിക്കുക പ്രായോഗികമല്ലാത്തതിനാൽ മുൻവശത്ത് സ്ഥാപിക്കാനായിരുന്നു പഞ്ചായത്തിന്റെ തീരുമാനം. ഇതിനായി അവിടെ നിർമാണപ്രവൃത്തികൾ തുടങ്ങിയപ്പോൾ യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം കാരണം ലൈറ്റ് സ്ഥാപിക്കാൻ കഴിയാതെ പോവുകയായിരുന്നെന്നും പഞ്ചായത്ത് അധികൃതർ പറഞ്ഞു. വൈദ്യുതിത്തൂണുകളിൽ സ്ഥാപിച്ചിട്ടുള്ള ലൈറ്റുകളും ട്യൂബുകളും ഏതാണ്ട് പൂർണമായി മിഴി അടച്ചിരിക്കുകയാണ്. തെരുവുവിളക്കുകൾ കത്തുന്നില്ലെങ്കിലും ഈ ഇനത്തിൽ പഞ്ചായത്തിന് ഭീമമായ ചെലവുകൾ വരുന്നുണ്ട്.




