Breaking News


കനത്തമഴ: മുങ്ങിപ്പോയ പാലത്തിനു നടുവിൽ കുട്ടികളുമായി സ്കൂൾ ബസ് കുടുങ്ങി

പേരാമ്പ്ര: തിമർത്തുപെയ്യുന്ന മഴയിൽ പേരാമ്പ്ര മേഖലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വീണ്ടും വെള്ളം കയറി. കക്കയം, പെരുവണ്ണാമൂഴി ഡാമുകൾ തുറന്നതോടെ കുറ്റ്യാടി, കടന്തറ പുഴകളിലും കൈവഴികളിലും ജലനിരപ്പുയർന്നു. പെരുവണ്ണാമൂഴി പൂഴിത്തോട് റോഡിൽ ഫോറസ്റ്റ് റെയിഞ്ച്‌ ഓഫീസിനടുത്തുള്ള ഓനിപ്പുഴപ്പാലം വെള്ളത്തിനടിയിലായി.

വൈകീട്ട് കുളത്തുവയൽ ഹൈസ്കൂളിലെ കുട്ടികളുമായി ചെമ്പനോട് ഭാഗത്തേക്ക് പോയ ബസ് ൈകവരിവരെ മുങ്ങിപ്പോയ ഈ പാലത്തിനു നടുവിൽ കുടുങ്ങിപ്പോയത് ആശങ്കകൾക്കിടയാക്കി. തൊട്ടടുത്തുള്ള ഫോറസ്റ്റ്‌ റെയ്ഞ്ച്‌ ഓഫീസിൽനിന്ന്‌ കമ്പക്കയർ കൊണ്ടുവന്ന്‌ ലോറി ഉപയോഗിച്ച്‌ കെട്ടിവലിച്ചാണ്‌ ബസ് മറുകരയിൽ എത്തിച്ചത്.

ബസ് പാലത്തിൽ കുടുങ്ങിയ സമയത്ത് 30-ഓളം കുട്ടികൾ ബസിൽ ഉണ്ടായിരുന്നു. ഒാട്ടത്തിനിടയിൽ പാലത്തിനു നടുവിലെത്തിയപ്പോൾ ബസ് നിന്നുപോയതാണെന്ന്‌ െെഡ്രവർ പറഞ്ഞു.

മഴക്കാലം ആരംഭിച്ചശേഷം രണ്ടാം തവണയാണ്‌ ഓനിപ്പുഴപ്പാലം വെള്ളത്തിൽ മുങ്ങുന്നത്. തൊട്ടടുത്തായി കെ.വി.കെ.ക്ക് സമീപം റോഡിനു കുറുകെ മരം കടപുഴകിവീണ്‌ ഗതാഗതം തടസ്സപ്പെട്ടു. വനഭൂമിയിലുള്ള മരമാണ്‌ കടപുഴകിവീണത്.

ഓനിപ്പുഴപ്പാലം വെള്ളത്തിൽ മുങ്ങിയതിനാൽ തൊട്ടിൽപ്പാലത്തുനിന്നും ചെമ്പനോട്, കൂരാച്ചുണ്ട് വഴി ഈരാറ്റുപേട്ട, തൃശ്ശൂർ, കോട്ടയം, എറണാകുളം ഭാഗത്തേക്കുപോകുന്ന കെ.എസ്.ആർ.ടി.സി.യുടെ ദീർഘദൂര ബസുകൾ ഉൾപ്പെടെ ഈ റൂട്ടിലെ ബസ് സർവീസുകൾ ബുധനാഴ്ച മുടങ്ങി. പെരുവണ്ണാമൂഴി കൃഷിവിജ്ഞാന കേന്ദ്രത്തിൽ പശുപരിപാലനത്തിൽ പരിശീലനത്തിനായി എത്തിയ കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ 25-ഓളം കർഷകർ തിരിച്ചുപോവാൻ കഴിയാതെ പെരുവണ്ണാമൂഴിയിൽ കുടുങ്ങിപ്പോയി. ഒടുവിൽ കൂവ്വപ്പൊയിൽ പന്നികോട്ടുർ കോളനിവഴി ജീപ്പ് എത്തിച്ചാണ്‌ ഇവരെ രക്ഷപ്പെടുത്തിയത്.
കടിയങ്ങാട് പാലം, മഹിമാനഗർ, കരിങ്ങണ്ണിയിൽ താഴ ഭാഗങ്ങളിൽ ചെറുപുഴയിൽ വലിയതോതിൽ വെള്ളം പൊങ്ങിയിട്ടുണ്ട്. പേരാമ്പ്ര പൈതോത്ത് താന്നികണ്ടി റോഡിൽ പള്ളിത്താഴയും പേരാമ്പ്ര ചേനോളി റോഡിൽ എം.എൽ.എ. ഓഫീസിനടുത്തും റോഡിൽ വെള്ളം കയറി ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. മുയിപ്പോത്ത് വിയ്യഞ്ചി റോഡിൽ ശ്രീ ശാലാപുരം ക്ഷേത്രത്തിനു സമീപം റോഡിൽ വെള്ളക്കെട്ട്‌ രൂപപ്പെട്ടു.