താമരശ്ശേരി: ഉരുൾപൊട്ടലിൽ 14 പേരുടെ ജീവൻ പൊലിഞ്ഞ കട്ടിപ്പാറയ്ക്ക് പ്രത്യേക ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകാൻ കരിഞ്ചോലയിൽനിന്ന് പതിനാലംഗസംഘം തിരുവനന്തപുരത്തേക്ക് ബൈക്കിൽ പുറപ്പെട്ടു.
കരിഞ്ചോലക്ക് സമീപമുള്ള വടക്കുംമുറി ലാസിയോ ക്ലബ്ബിന്റെ പ്രവർത്തകരായ യുവാക്കളാണ് ഏഴ് ബുള്ളറ്റുകളിലായി പുറപ്പെട്ടത്. രാവിലെ ഏഴരയോടെ കരിഞ്ചോലയിലെ ദുരന്തഭൂമിയിൽ ഒരുമിച്ചുചേർന്നശേഷമാണ് ഇവർ യാത്രതിരിച്ചത്. സംഘം ചൊവ്വാഴ്ച തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രി, റവന്യൂമന്ത്രി എന്നിവരെ കണ്ട് നിവേദനം നൽകും. കട്ടിപ്പാറക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുക, ഭൂമി നഷ്ടപ്പെട്ടവർക്ക് വാങ്ങുന്നതിന് അനുവദിക്കുന്ന തുക പത്ത് ലക്ഷമായി ഉയർത്തുക, പരിക്കേറ്റവർക്ക് ആവശ്യമായ സഹായമെത്തിക്കുക എന്നീ ആവശ്യങ്ങളടങ്ങിയ നിവേദനമാണ് നൽകുകയെന്ന് ഭാരവാഹികൾ പറഞ്ഞു.
ലാസിയോയുടെ പ്രസിഡന്റ് വി.എം.അബ്ദുൾസലാം, സെക്രട്ടറി ഫായിസ് വേണാടി, ഗ്രാമപ്പഞ്ചായത്തംഗം കെ.ടി. രിഫായത്ത് എന്നിവരുടെ നേതൃത്വത്തിലാണ് യാത്ര.