കോഴിക്കോട്: പരീക്ഷണാടിസ്ഥാനത്തിൽ സർവീസ് നടത്തിയ പരിസ്ഥിതി സൗഹൃദ വൈദ്യുതിബസ് കോഴിക്കോട് മേഖലയിൽനിന്ന് നേടിയെടുത്തത് 59,959 രൂപയുടെ റെക്കോഡ് കളക്ഷൻ. ബേപ്പൂർ, കുന്ദമംഗലം, ബാലുശ്ശേരി, കൊയിലാണ്ടി, രാമനാട്ടുകര, അടിവാരം എന്നിവിടങ്ങളിലേക്കായി വെറും അഞ്ച് ദിവസം നടത്തിയ സർവീസിലാണ് വൈദ്യുതിബസ് ഇത്രയും രൂപ വരുമാനം നേടിയതെന്ന് കെ.എസ്.ആർ.ടി.സി. മേഖലാ മാനേജർ ജോഷി ജോൺ അറിയിച്ചു.
വരുമാനനേട്ടത്തിൽ തിരുവനന്തപുരത്തെയും എറണാകുളത്തെയും മറികടന്നായിരുന്നു കോഴിക്കോട്ടെ വൈദ്യുതി ബസ്സിന്റെ കുതിപ്പ്. തിരുവനന്തപുരത്ത് 49,919 രൂപയും എറണാകുളത്ത് 48,051 രൂപയും കളക്ഷൻ നേടിയ ഇടത്താണ് കോഴിക്കോട്ട് പതിനായിരത്തോളം രൂപയുടെ വർധന.
1421 കിലോമീറ്റർ താണ്ടിയ വൈദ്യുതി ബസിന്റെ സേവനം 1513 യാത്രികരാണ് ഉപയോഗപ്പെടുത്തിയത്. അഞ്ച് ദിവസം മുമ്പ് മന്ത്രി എ.കെ. ശശീന്ദ്രനായിരുന്നു വൈദ്യുതി ബസ് ഫ്ളാഗ് ഓഫ് ചെയ്തത്.