കാത്തിരിപ്പിന് വിരാമം, കക്കയത്തെ ചെറുകിട ജലവൈദ്യുതപദ്ധതി പൂർത്തിയായി; ഉദ്ഘാടനം 16-ന്

പദ്ധതിയിൽ പരീക്ഷണാടിസ്ഥാനത്തിൽ വൈദ്യുതി ഉത്പാദനം നടത്തി പരിശോധനകൾ പൂർത്തിയായിക്കഴിഞ്ഞു. 2011-ൽ ടെൻഡർ നടത്തി 2013 മാർച്ചിൽ പൂർത്തീകരിക്കാൻ ലക്ഷ്യമിട്ട പദ്ധതിയാണ് അഞ്ചുവർഷത്തിനുശേഷം പൂർത്തീകരിക്കുന്നത്.
കക്കയത്ത് നിലവിൽ മൂന്ന് വലിയപദ്ധതികളും ഒരു ചെറുകിട പദ്ധതിയുമുണ്ട്. 228.75 മെഗാവാട്ടാണ് ഇതിന്റെയെല്ലാമായി സ്ഥാപിത ശേഷി. നിലവിലുള്ള 100 മെഗാവാട്ട് സ്ഥാപിതശേഷിയുള്ള കുറ്റ്യാടി അഡീഷണൽ എക്സ്റ്റൻഷൻ പദ്ധതിയിൽ വൈദ്യുതി ഉത്‌പാദിപ്പിച്ചശേഷം പുറത്തേക്ക് തള്ളുന്ന വെള്ളമുപയോഗിച്ചാണ് പുതിയ പദ്ധതിയുടെ പ്രവർത്തനം നടക്കുക.
മൂന്ന് മെഗാവാട്ടാണ് സ്ഥാപിതശേഷി. വർഷത്തിൽ 10.3 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്‌പാദിപ്പിക്കാനാണ് ലക്ഷ്യം.
കക്കയം ഡാം റോഡരികെ ഫോർബേടാങ്കിൽ എത്തിക്കുന്ന വെള്ളം ഒരു മീറ്റർ വ്യാസമുള്ള പൈപ്പിലൂടെയാണ് പവർഹൗസ് സ്ഥലത്തേക്ക് എത്തിക്കുന്നത്. കക്കയം ഡാം സൈറ്റ് ഭാഗത്തേക്കുള്ള റോഡിനടിയിലൂടെ ഈ പൈപ്പ് പവർ ഹൗസിലേക്ക് എത്തുന്നു. പദ്ധതിയിലെ സിവിൽപ്രവൃത്തികൾ മൂവാറ്റുപുഴയിലെ നെച്ചുപ്പാടം കൺസ്ട്രക്‌ഷനും ഇലക്ടോ മെക്കാനിക്കൽ പ്രവൃത്തികൾ പുണെയിലെ കിർലോസ്കർ കമ്പനിയുമാണ് പൂർത്തീകരിച്ചത്.
നിർമാണത്തിനിടയിൽ ആദ്യഘട്ടത്തിലുണ്ടായ തടസ്സങ്ങൾ പരിഹരിച്ചാണ് പദ്ധതി പൂർത്തീകരണഘട്ടത്തിൽ എത്തിയത്. സ്ഥലമെടുപ്പിനുള്ള കാലതാമസവും കക്കയം ടൗണിന് സമീപത്തെ പവർഹൗസ് നിർമാണ സ്ഥലത്ത് അടിത്തറയുടെ പ്രവൃത്തിയിലെ തടസ്സങ്ങളുമാണ് പ്രശ്നമായത്. അതിനാൽ പവർഹൗസ് നിർമാണം പൂർത്തീകരിക്കാൻ വൈകി.
30.3 കോടി ചെലവിലാണ് പുതിയ പദ്ധതി നടപ്പാക്കിയത്. 18 കോടിയോളം രൂപയുടെ സിവിൽ പ്രവൃത്തികളും 9.74 കോടി രൂപയുടെ ഇലക്‌ട്രിക്കൽ മെക്കാനിക്കൽ പ്രവൃത്തികളും ഇതിൽ ഉൾപ്പെടും.
പദ്ധതിക്കായി കക്കയം ഡാം റോഡരികെ ഫോർബേടാങ്കും ടാങ്കിലേക്ക് വെള്ളമെത്തിക്കുന്ന കനാലും 2013-ൽത്തന്നെ പൂർത്തീകരിച്ചിരുന്നു.
2014 നവംബറിൽ പവർഹൗസ് നിർമാണസ്ഥലത്തെ അടത്തറയൊരുക്കുന്ന ജോലിയാരംഭിച്ചു. മണ്ണെടുത്തപ്പോൾ ഉറപ്പില്ലെന്ന് കണ്ടെത്തിയതോടെ കോൺക്രീറ്റ് മാറ്റി പൈലിങ് നടത്തേണ്ടിവന്നു. പുതിയ ടെൻഡർ നടത്തിയശേഷം 2015 ഡിസംബർ അവസാനമാണ് പവർഹൗസ് പൈലിങ് തുടങ്ങാനായത്.
1972-ലാണ് കക്കയത്തെ ആദ്യ പദ്ധതി കമ്മിഷൻ ചെയ്തത്. 2001, 2010-ലുമായി മറ്റ് രണ്ട് വലിയപദ്ധതികളും 2008-09 കാലത്ത് കുറ്റ്യാടി ടെയിൽ റെയ്‌സ് എക്സ്റ്റൻഷൻ ചെറുകിടപദ്ധതിയും കമ്മിഷൻ ചെയ്തു.




