Breaking News


നിപ്പ വൈറസിന്റെ ഉറവിടം പഴംതീനി വവ്വാലുകളെന്ന് സ്ഥിരീകരണം

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയില്‍ ഭീതി പടര്‍ത്തിയ നിപ്പ വൈറസിന്റെ ഉത്ഭവം സംബന്ധിച്ച കാര്യത്തില്‍ വ്യക്തത. പഴംതീനി വവ്വാലുകളാണ് വൈറസ് ബാധയ്ക്ക് കാരണമാകുന്നതെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് സംഘം സ്ഥിരീകരിച്ചു. ആദ്യഘട്ട പരിശോധനയ്ക്കായി ചങ്ങരോത്ത് നിന്നും പിടികൂടിയ 21 വവ്വാലുകള്‍ പഴംതീനി വവ്വാലുകള്‍ ആയിരുന്നില്ലെന്നും പ്രാണികളെയും ചെറുജീവികളെയും തിന്നുന്നവയായിരുന്നെന്നും അതിനാലാണ് പരിശോധന ഫലം നെഗറ്റീവ് ആയതെന്നുമാണ് റിപ്പോര്‍ട്ട്.

രണ്ടാം ഘട്ടത്തില്‍ മേഖലയില്‍ നിന്നും പിടികൂടിയ 51 വവ്വാലുകളില്‍ ചിലതില്‍ നിപ്പ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിലെ ശാസ്ത്രജ്ഞന്റെ വിശദീകരണത്തില്‍ ഹിന്ദുസ്ഥാന്‍ ടൈംസാണ് വിവരം പുറത്ത് വിട്ടത്. കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് സംഘത്തിന്റെ കണ്ടെത്തലിനെ തുടര്‍ന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ പ്രതികരിച്ചിട്ടുണ്ട്. പേരാമ്പ്ര മേഖലയില്‍ നിന്ന് കണ്ടെത്തിയ വവ്വാലുകളില്‍ നിപ്പ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്.


കോഴിക്കോടും മലപ്പുറത്തുമായി 17 പേരാണ് നിപ്പ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. വൈറസ് ബാധ സംബന്ധിച്ച അവ്യക്തകള്‍ രോഗ വ്യാപനത്തിന് കാരണമാവുകയായിരുന്നു. എന്നാല്‍ സംസ്ഥാന ആരോഗ്യവകുപ്പിന്റേയും ആരോഗ്യപ്രവര്‍ത്തകരുടേയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെ വൈറസ് ബാധ രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നതിന് മുന്‍പ് നിയന്ത്രിക്കാന്‍ സാധിച്ചു. പുതിയ നിപ്പ കേസ് റിപ്പോര്‍ട്ട് ചെയ്യാത്തത് ഏറെ ആശ്വാസകരമമായി, മലപ്പുറവും കോഴിക്കോടും നിപ്പ മുക്ത ജില്ലകളായി സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.