Breaking News


കരിഞ്ചോല ദുരന്തത്തിന് ഒരു മാസം; ദുരന്തഭൂമിയിൽ ദുരിതമൊഴിയാതെ

കോഴിക്കോട്: കുതിച്ചെത്തിയ മലവെള്ളപാച്ചിലിൽ എല്ലാം നഷ്ടപ്പെട്ടതിന്റെ നടുക്കുന്ന ഒാർമകളിൽനിന്ന് കട്ടിപ്പാറ കരിഞ്ചോലമല വട്ടിക്കുന്നുമ്മൽ അബ്ദിറഹിമാൻ ഇനിയും മോചിതനായിട്ടില്ല. ജൂൺ പതിന്നാലിന് പുലർച്ചെ കോരിച്ചൊരിയുന്ന മഴയ്ക്കു ശമനമില്ലാതായപ്പോൾ അബ്ദിറഹിമാന് ഉറങ്ങാനായില്ല. അഞ്ഞൂറു മീറ്റർ അകലെ മലയടിവാരത്തു താമസിക്കുന്ന സഹോദരിയുടെ കുടുംബത്തെപ്പറ്റിയുള്ള ആധിയായിയരുന്നു മനസ്സു നിറയെ. ‌മൺകട്ടകൊണ്ടുനിർമിച്ച ആ കൊച്ചുവീടെങ്ങാനും തകർന്നാലോ...

പുലർച്ചെ അവരെ സ്വന്തം വീട്ടിലേക്ക്‌ കൂട്ടിക്കൊണ്ടുവരാനായി അബ്ദുറഹിമാൻ കാറുമായി പുറപ്പെട്ടു. സഹോദരി നുസൈബ(38), ഭർത്താവ് നാസർ(45), മകൻ മുഹമ്മദ് നിജാസ്(17) എന്നിവരായിരുന്നു വീട്ടിലുണ്ടായിരുന്നത്. പുലർച്ചെ 5.50-ന് അബ്ദുറഹിമാൻ സഹോദരിയുടെ വീട്ടിലെത്തി. എല്ലാവരെയും വിളിച്ചുണർത്തി ഒപ്പം വരാൻ പറഞ്ഞപ്പോൾ നാസർ ആദ്യം വിസമ്മതിച്ചു. നിർബന്ധിച്ച് വീടിനു പുറത്തെത്തിച്ചപ്പോഴേയ്ക്കും മലമുകളിൽ നിന്ന് ഇടിവെട്ടും പോലെ ശബ്ദം കേട്ടു. നൊടിയിടയിൽ മലവെള്ളവും കല്ളും മരങ്ങളുമെല്ലാംകൂടി കുതിച്ചെത്തി. മരിക്കുന്നെങ്കിൽ ഒരുമിച്ചെന്നു പറഞ്ഞ് അബ്ദുറഹിമാൻ എല്ലാവരെയും വീടിൻറെ വലതുഭാഗത്തേക്ക്‌ എത്തിച്ചു. പരസ്പരം കെട്ടിപ്പിടിച്ചുനിന്നു. മലവെള്ളപ്പാച്ചിലിൽ എല്ലാവരും വീണുപോയെങ്കിലും ആർക്കും അപകടമൊന്നും സംഭവിച്ചില്ല.

രണ്ടു മൂന്നു നിമിഷത്തിനകം എല്ലാം കഴിഞ്ഞു. ഒരു ജനവാസ മേഖലയെയൊന്നാകെ ഉഴുതുമറിച്ചിട്ടാണ് മലവെള്ളപ്പാച്ചിൽ നിന്നത്. കൂറ്റൻ പാറക്കല്ലുകളും ചെളിയും പിഴുതെറിയപ്പെട്ട മരങ്ങളും നിറഞ്ഞ വഴിയിലൂടെ സാഹസികമായാണ് അബ്ദുറഹിമാൻ സഹോദരിയെയും കുടുബത്തെയും വീട്ടിലെത്തിച്ചത്. കാറിന്റെ മുൻ ഭാഗം മണ്ണു വീണ് തകർന്നിരുന്നു. അല്പനേരം മുമ്പ് കാറോടിച്ചു വന്ന ടാർ റോഡ് നിശ്ശേഷം തകർന്നു. ദുരന്ത ഭൂമിയിൽ അകപ്പെട്ടുപോയ കാർ അവിടെതന്നെ ടാർപൊളിൻ ഷീറ്റിട്ട് മൂടി. ഒരു മാസം അതവിടെക്കിടന്നു. റോഡിൽ വന്നടിഞ്ഞ പാറക്കല്ല് പൊട്ടിച്ചുമാറ്റി കാർ പുറത്തെത്തിക്കാമെന്ന് അധികൃതർ ഉറപ്പുനൽകിയിരുന്നു.

കംപ്രസർകൊണ്ടുവന്ന് പാറയ്ക്ക് തുളയിട്ടതല്ലാതെ പിന്നീട് നടപടിയൊന്നുമുണ്ടായില്ല. കഴിഞ്ഞദിവസം സ്വന്തം ചെലവിൽ ജെ.സി.ബി. കൊണ്ടുവന്ന് കല്ളുമാറ്റിയാണ് അബ്ദുറഹിമാൻ കാർ പുറത്തെത്തിച്ചത്.
വിദേശത്തു ജോലി ചെയ്യുന്ന ഇദ്ദേഹം ദുരന്തത്തിന്റെ ഒരാഴ്ച മുമ്പാണ് നാട്ടിലെത്തിയത്.

ദുരന്ത ഭൂമിക്ക്‌ വിളിപ്പാടകലെയാണ് അബ്ദുറഹിമാന്റെ വീട്. ഇവിടെയിനി മനഃസമാധാനത്തോടെ താമസിക്കാൻ കഴിയില്ലെന്നതിനാൽ അദ്ദേഹവും കടുംബവും കുറച്ചകലെയായി നിർമിച്ച പുതിയ വീട്ടിലേക്ക്‌ താമസം മാറി.
ജൂൺ 14-ന് പുലർച്ചെ മൂന്നരയോടെ കരിഞ്ചോലയുടെ തൊട്ടടുത്ത പ്രദേശത്ത് ഉരുൾപൊട്ടിയിരുന്നു. അവിടെയുള്ളവരെ മാറ്റിപ്പാർപ്പിക്കുന്നതിനിടയായിരുന്നു കരിഞ്ചോലമലയിലെ ദുരന്തം.

ആശ്വാസമില്ല ; ദുരിതംമാത്രം

ഉരുൾപൊട്ടലുണ്ടായ സമയത്ത് കരിഞ്ചോലയിലെ വീട്ടിൽ തനിച്ചായിരുന്നു മനോജ്. സഹോദരൻ മഹേഷിന് പനിയായിരുന്നതിനാൽ അമ്മ അയാൾക്കൊപ്പം തമരശ്ശേരി ഗവ. ആശുപത്രിയിലായിരുന്നു. അന്ന് പുലർച്ചെ 5.20-ന് മഹേഷ് ആശുപത്രയിൽ നിന്ന് മൊബൈലിൽ വിളിച്ചപ്പോഴാണ് മനോജ് ഉണർന്നത്. തൊട്ടടുത്ത് ഉരുൾപൊട്ടലുണ്ടായെന്നും പരിക്കേറ്റ പ്രസാദിനെ ആശുപത്രിയിൽ കൊണ്ടുവന്നിട്ടുണ്ടെന്നും പറഞ്ഞു. വീട്ടിൽ നിന്ന് ഉടൻ മാറണമെന്നും മഹേഷ് നിർദേശിച്ചു. മനോജ് പുറത്തിറങ്ങിയെങ്കിലും കൂരിരുട്ടും കനത്ത മഴയുമായതിനാൽ വീണ്ടും പോയി കിടന്നു. പിന്നീട് വലിയ ശബ്ദം കേട്ടാണ് വീണ്ടും പുറത്തിറങ്ങിയത്. അപ്പോഴേക്കും മുറ്റത്തൊക്കെ വെള്ളമെത്തിയിരുന്നു. പിന്നെ തൊട്ടടുത്ത വീട്ടിൽ കുതിച്ചെത്തി ബന്ധു ചക്കിയെയും അവരുടെ ഭർത്താവ് വാസുവിനെയും വിളിച്ചുണർത്തി റോഡിലൂടെ ചമൽ ഭാഗത്തേക്ക്‌ ഓടി. അപ്പോഴേയ്ക്കും വീടിനോടു ചേർന്ന പ്രദേശമൊന്നാകെ കുത്തിയൊലിച്ചു പോകുന്നത് ഇവർ കണ്ടു.


ഉരുൾപൊട്ടൽ ദുരന്തത്തിനിരയായവരെ കട്ടിപ്പാറ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് വാടക വീടുകളിലേക്ക്‌ മാറ്റിത്താമസിപ്പിക്കുന്നുണ്ട്. എന്നാൽ മനോജിന്റെ കുടുംബത്തിന് ഇനിയും വീടു കിട്ടിയിട്ടില്ല. വെട്ടിയൊഴിഞ്ഞ തോട്ടം പ്രാഥമികാരോഗ്യ കേന്ദ്രത്തിനായി നിർമിച്ച കെട്ടിടത്തിലാണ് ഈ കുടുംബം ഇപ്പോഴും കഴിയുന്നത്. ഇവിടെ ഭക്ഷണമുണ്ടാക്കാൻ സൗകര്യമില്ലെന്ന് അമ്മ സുമതി പറഞ്ഞു. സംഭാവനയായി കിട്ടിയ അരിയും പലവ്യഞ്ജനങ്ങളുമെല്ലാമുണ്ടെങ്കിലും പാകംചെയ്യാൻ സംവിധാനമില്ലാത്തതിനാൽ പട്ടിണി കിടക്കേണ്ട അവസ്ഥയാണ്.
ദുരന്തത്തിൽ നിന്നു രക്ഷപ്പെട്ട അനിൽകുമാറും ഭാര്യ നിഷയും രണ്ടു കുട്ടികളും ഇതേ ക്യാമ്പിലുണ്ട്. അനിൽകുമാറിന്റെ മകൾ പ്ലസ് വൺ വിദ്യാർഥിനിയായ അനന്യയും മൂന്നാം ക്ലാസിൽ പഠിക്കുന്ന മകൻ അഭിനവും ഇവിടെ നിന്നാണ് സ്കൂളിൽ പോകുന്നത്. ഭക്ഷണമുണ്ടാക്കാൻ സൗകര്യമില്ലാത്തത് കുട്ടികൾക്കും ദുരിതമാണ്. മലയുടെ മറുഭാഗത്തുള്ള കുടിലിലായിരുന്നു ഇവരുടെ താമസം. ഉരുൾപൊട്ടലിൽ കുടിലിന് ഒന്നും സംഭവിച്ചില്ലെങ്കിലും ഇനിയിവിടെ സുരക്ഷിതമായി താമസിക്കാൻ പറ്റില്ല. നിഷ പകൽ വീട്ടിൽ പോയി ഭക്ഷണമുണ്ടാക്കും. വൈകുന്നേരം വീണ്ടും ക്യാമ്പിലെത്തും.


മനോജിന്റെ വീടിനു തൊട്ടടുത്തു താമസിക്കുന്ന കരിഞ്ചോല വാസുവിനും വാടക വീടുകിട്ടിയിട്ടില്ല. ഒരാഴ്ച ദുരിതാശ്വാസ ക്യാമ്പിലായിരുന്നു. അവിടെ നിന്ന് കട്ടിപ്പാറയിലുള്ള ഭാര്യാ സഹോദരിയുടെ വീട്ടിലേക്ക്‌ മാറി. ചെറിയ വീടായതിനാൽ അവിടെ അധികകാലം നില്ക്കാൻ കഴിയില്ലെന്ന് വാസു പറഞ്ഞു.


വെട്ടിയൊഴിഞ്ഞ തോട്ടം ജി.യു.പി. സ്കൂളിലെ ക്യാമ്പിൽ ഇനി അവശേഷിക്കുന്ന ഏക കുടുംബം സുരേഷിന്റെതാണ്. ഭാര്യ മിനിയും പ്ലസ് ടു വിദ്യാർഥിയായ മകൻ അരുണും അഞ്ചാം ക്ലാസുകാരിയായ മകൾ അനൂജയുമാണ് ഒപ്പമുള്ളത്. വാടകവീടന്വേഷിച്ച് കുറെ നടന്നെങ്കിലും കിട്ടിയില്ല. ദുരിതത്തെക്കുറിച്ചോർക്കുമ്പോൾ അന്ന് രക്ഷപ്പെടേണ്ടിയിരുന്നില്ലെന്ന് തോന്നിപ്പോകുന്നുവെന്ന് സുരേഷ് വേദനയോടെ പറഞ്ഞു. ടൈൽസ് പണിക്കാരനായ സുരേഷ് സർക്കാർ സഹായത്തോടെയാണ് വീടു നിർമിച്ചത്. ഉരുൾപൊട്ടലിൽ വീടിന് ഒന്നും സംഭവിച്ചിട്ടില്ല. എന്നാൽ ദുരന്തഭീഷണി നിലനിൽക്കുന്നതിനാൽ അവിടേക്ക്‌ പോകാനാകില്ല.

സുരേഷിനെപ്പോലെ ഉരുൾപൊട്ടലിന്നെ അതിജീവിച്ച ഭൂരിഭാഗം കുടുംബങ്ങൾക്കും ജീവിതം ഒന്നിൽനിന്നു തുടങ്ങേണ്ട സ്ഥിതിയാണ്. നിസ്സാര വിലയ്ക്ക് ഭൂമി കിട്ടിയതുകൊണ്ടു മാത്രം ഇവിടെയെത്തിയതാണ് മിക്കവരും. അഞ്ചും പത്തും സെന്റ് സ്ഥലത്ത് വർഷങ്ങളുടെ അധ്വാനത്തിലൂടെ കരുപ്പിടിപ്പിച്ചതെല്ലാം മലവെള്ളം തകർത്തെറിഞ്ഞു. പുരയിടങ്ങളുടെ അതിരുകളെല്ലാം മാഞ്ഞ് വലിയൊരു ദുരന്തഭൂമി മാത്രമാണിന്ന് ഈ പ്രദേശം. ദുരന്തത്തിന്റെ ബാക്കിപത്രമായി അങ്ങിങ്ങ് ചില തെങ്ങുകൾ മാത്രമുണ്ട്. പുനരധിവാസത്തിന് സർക്കാരും വിവിധ സംഘടനകളും മുന്നോട്ടുവെച്ച പദ്ധതികളിൽ മാത്രമാണ് ഇവർക്കിനി പ്രതീക്ഷ.

കടപ്പാട് : മാതൃഭൂമി