Breaking News


യുവാക്കളെ കൈപിടിച്ചുകൊടുക്കാൻ കുടുംബശ്രീ

കണ്ണൂർ:  അലച്ചിലും ആവലാതിയുമില്ലാതെ ഉത്തമ പങ്കാളിയെ കണ്ടെത്താൻ പാടുപെടുന്ന ചെറുപ്പക്കാരെ ഇനി കുടുംബശ്രീ കൈപിടിച്ചേല്പിക്കും. വിവാഹക്കാര്യം തൊട്ടടുത്ത കുടുംബശ്രീ പ്രവർത്തകരെ അറിയിച്ചാൽ മാത്രം മതി. കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ ആദ്യമായി തൃശൂർ ജില്ലയിൽ പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ കുടുംബശ്രീ വിവാഹ ബ്യൂറോ മറ്റു ജില്ലകളിലേക്കു വ്യാപിപ്പിക്കാനാണ് പുതിയ തീരുമാനം.

സ്വന്തം നാട്ടിലെ കുടുംബശ്രീ പ്രവർത്തകർ വീടുകളിൽ നേരിട്ടെത്തിയായിരിക്കും വിവരം ശേഖരിക്കുക. അതിനാൽ അന്വേഷണവും ആലോചനയും തികച്ചും വിശ്വാസയോഗ്യവുമായിരിക്കും. ഇതിനകം ആയിരത്തോളം വോളണ്ടിയർമാർക്ക് പരിശീലനം നൽകിക്കഴിഞ്ഞു.
കണ്ണൂരിൽ ഈ മാസം അവസാനത്തോടെ പദ്ധതിക്ക് തുടക്കമാകും. ആഗസ്റ്റിൽ കാസർകോട്, കോഴിക്കോട്, എറണാകുളം, ആലപ്പുഴ, കോട്ടയം, കൊല്ലം ജില്ലകളിലേക്കും വ്യാപിപ്പിക്കും.

ജില്ലതോറും ഓഫീസും കോ ഓർഡിനേറ്ററുമുണ്ടാകും. പിന്നീട് ബ്ളോക്ക്, താലൂക്ക് തലങ്ങളിൽ ഓഫീസുകൾ ആരംഭിക്കും. വാർഡ് തലത്തിൽ നിയമിക്കുന്ന കുടുംബശ്രീ പ്രവർത്തകർക്ക് ഓണറേറിയവും നൽകും.

രജിസ്‌ട്രേഷൻ
ഫോണിലും

നേരിട്ടുള്ള രജിസ്ട്രേഷനാണ് ഊന്നൽ നൽകുന്നതെങ്കിലും ഓൺലൈനായും ഫോൺ വഴിയും രജിസ്റ്റർ ചെയ്യാം. ഫീസ് നാമമാത്രമാണ്. വിവരങ്ങളുടെ കൃത്യത വോളണ്ടിയർമാർ നേരിട്ട് ഉറപ്പാക്കും.