Breaking News


പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ലിനിയുടെ പേരിൽ വനിതാ വാർഡ് തുടങ്ങും -മന്ത്രി ടി.പി. രാമകൃഷ്ണൻ

പേരാമ്പ്ര: രോഗികളെ പരിചരിക്കുന്നതിടെ നിപ ബാധിച്ചു മരിച്ച നഴ്സ് ലിനിയുടെ പേരിൽ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പ്രത്യേക വനിതാ വാർഡ് ആരംഭിക്കുമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ പറഞ്ഞു. നിപ ചികിത്സയിൽ മാതൃകാപരമായ സേവനം കാഴ്ചവെച്ചവരെ ആദരിക്കാൻ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ എ.സി. സതി അധ്യക്ഷതവഹിച്ചു.

പേരാമ്പ്ര താലൂക്ക് ആശുപത്രി, ചങ്ങരോത്ത്, ആവള, പന്നിക്കോട്ടൂർ പി.എച്ച്.സി.കൾ, ഇ.എം.എസ്. ആശുപത്രി ഉൾപ്പെടെയുള്ള ആരോഗ്യ കേന്ദ്രങ്ങളിലെ ജീവനക്കാർ, ആശാവർക്കർമാർ, ശുചീകരണ തൊഴിലാളികൾ, ആംബുലൻസ് ഡ്രൈവർമാർ അടക്കം മൊത്തം 275 പേരെ ചടങ്ങിൽ ആദരിച്ചു. ഇവർക്ക് ഉപഹാരങ്ങളും സർട്ടിഫിക്കറ്റുകളും മന്ത്രി സമ്മാനിച്ചു. ലിനിയുടെ ഭർത്താവ് സജീഷ്, മക്കളായ ഋതുൽ, സിദ്ധാർത്ഥ്, സഹോദരി ലിജി, അമ്മാവൻ ബാലൻ, ബാപ്പയും രണ്ടു സഹോദരങ്ങളും നഷ്ടപ്പെട്ട വളച്ചുകെട്ടി മുത്തലിബ്, മാതൃസഹോദരൻമാരായ അബൂബക്കർ, അഷ്‌റഫ്, മരിച്ച മറിയത്തിന്റെ മകൻ ജാബിർ എന്നിവർ വേദിയിലുണ്ടായിരുന്നു.

ഹെൽത്ത് ഡയറക്ടർ ആർ.എൽ. സരിത, ഡി.എം.ഒ. ഡോ. ജയശ്രീ, ഡോ. അനൂപ് കുമാർ, കെ. കുഞ്ഞമ്മദ്, എ.കെ. പത്മനാഭൻ, സുജാത മനക്കൽ, എ.കെ. ബാലൻ, പി.പി. കൃഷ്ണാനന്ദൻ, ജിതേഷ് മുതുകാട്, കെ.എം. റീന, ഷീജ ശശി, എൻ.പി. വിജയൻ തുടങ്ങിയവർ പ്രസംഗിച്ചു.