Breaking News


ബാലുശ്ശേരി ഗ്രാമപ്പഞ്ചായത്ത് സമ്പൂർണ ഹോം ഷോപ്പ് പദ്ധതിയിലേക്ക്

ബാലുശ്ശേരി: ഗ്രാമപ്പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും ഹോം ഷോപ്പുകൾ തുടങ്ങാൻ പഞ്ചായത്ത് ഭരണസമിതിയുടെയും കുടുംബശ്രീ സി.ഡി.എസിന്റെയും സംയുക്ത യോഗത്തിൽ തീരുമാനമായി. ബാലുശ്ശേരി ഗ്രാമപ്പഞ്ചായത്തിനെ സമ്പൂർണ ഹോം ഷോപ്പ് പഞ്ചായത്തായി പ്രഖ്യാപിക്കും. ഹോം ഷോപ്പുകൾ തുടങ്ങുന്നതിന് താത്‌പര്യമുള്ളവർ 25-നകം സി.ഡി.എസ്. ഓഫീസിൽ നിശ്ചിത മാതൃകയിലുള്ള അപേക്ഷ നൽകണം.

അപേക്ഷകരിൽ നിന്ന് ഇൻറർവ്യൂവഴി ഷോപ്പ് ഓണർമാരെ കണ്ടെത്തും. 30-തിന് ബാലുശ്ശേരി ഗ്രാമപ്പഞ്ചായത്തിൽ വച്ച് ഇൻറർവ്യൂ നടക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് കുടുംബശ്രീ ജില്ലാമിഷൻ ഒരാഴ്ചത്തെ പരിശീലനം നൽകും. സമ്പൂർണ ഹോം ഷോപ്പ് പ്രഖ്യാപനം ഓഗസ്റ്റ് അവസാനവാരം നടത്തും. ഗ്രാമപ്പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ വൈസ് പ്രസിഡന്റ്‌ കെ. ശ്രീജ അധ്യക്ഷത വഹിച്ചു. യോഗം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്‌ രൂപരേഖ കൊമ്പിലാട് ഉദ്ഘാടനം ചെയ്തു. ജില്ലാ മിഷൻ എ.ഡി.എം.സി. ടി.എം. ഗിരീഷൻ പദ്ധതി വിശദീകരണം നടത്തി. പെരിങ്ങിനി മാധവൻ, പ്രസാദ് കൈതയ്ക്കൽ, കെ. സതീശൻ എന്നിവർ പ്രസംഗിച്ചു. സി.സി. ഉഷ സ്വാഗതവും വി.പി. വത്സല നന്ദിയും പറഞ്ഞു.