Breaking News


വെള്ളപ്പൊക്കത്തിനും ഉരുൾപൊട്ടലിനും സാധ്യത; ജാഗ്രതാനിർദേശം

കോഴിക്കോട്: ജൂലായ് 13 വരെ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ ജാഗ്രതപാലിക്കണമെന്ന് കളക്ടർ യു.വി. ജോസ് അറിയിച്ചു.
തുടർച്ചയായ മഴ പെട്ടെന്നുള്ള വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ എന്നിവയ്ക്ക് കാരണമാകാം. ജില്ലയിലെ മലയോരമേഖലയിൽ ഉരുൾപൊട്ടാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.

ജില്ലയിലെ താലൂക്ക് കൺട്രോൾ റൂമുകൾ വെള്ളിയാഴ്ച വരെ 24 മണിക്കൂറും പ്രവർത്തിപ്പിക്കുമെന്ന് കളക്ടർ അറിയിച്ചു. മഴ ശക്തമായിട്ടുള്ളതും വെള്ളപ്പൊക്ക സാധ്യതയുള്ളതുമായ താലൂക്കുകളിൽ ദുരിതാശ്വാസക്യാമ്പുകൾ പ്രവർത്തിപ്പിക്കാൻ ഉദ്ദേശിക്കുന്ന കെട്ടിടങ്ങളുടെ ഒരു താക്കോൽ വില്ലേജ് ഓഫീസർമാർ/തഹസിൽദാർമാർ കൈവശം കരുതും.
ആവശ്യമെങ്കിൽ ദുരിതാശ്വാസക്യാമ്പുകൾ പ്രവർത്തിപ്പിക്കാനുള്ള നടപടികൾ ഉറപ്പുവരുത്തിയിട്ടുണ്ട്. ഉരുൾപൊട്ടാൻ സാധ്യതയുള്ളതിനാൽ രാത്രിസമയത്ത് മലയോരമേഖലയിലേക്കുള്ള യാത്ര പരിമിതപ്പെടുത്തണം.
ബീച്ചുകളിലെത്തുന്ന വിനോദസഞ്ചാരികൾ കടലിലിറങ്ങാതിരിക്കാൻ ശ്രദ്ധിക്കണം. പുഴകളിലും തോടുകളിലും ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്. പുഴകളിലും ചാലുകളിലും വെള്ളക്കെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കണമെന്നും കളക്ടർ അറിയിച്ചു.

മലയോരമേഖലയിലെ റോഡുകൾക്ക് കുറുകെയുള്ള ചെറിയ ചാലുകളിലൂടെ മലവെള്ളപ്പാച്ചിലും ഉരുൾപൊട്ടലും ഉണ്ടാകാൻ സാധ്യതയുണ്ട്. ഇതിനാൽ ഇത്തരം ചാലുകളുടെ അരികിൽ വാഹനങ്ങൾ നിർത്തരുത്. മരങ്ങൾക്കുതാഴെ വാഹനം പാർക്കുചെയ്യരുത്. മഴതുടരുന്നതിനാൽ ഖനനപ്രവർത്തനങ്ങൾക്കുള്ള നിരോധനം തുടരും.

കൺട്രോൾ റൂം നമ്പറുകൾ താലൂക്കടിസ്ഥാനത്തിൽ: താമരശ്ശേരി -0495 2223088, കോഴിക്കോട് -0495 2372966, കൊയിലാണ്ടി -0496 2620235, വടകര -0496 2522361.