Breaking News


ആ 13 പേരും ജീവിതത്തിലേക്കു തിരിച്ചെത്തി; മഹാദൗത്യത്തിന് വിജയ സമാപ്തി

ബാങ്കോക്ക്: അസാധ്യമെന്നു കരുതിയത് സാധ്യമാക്കിയതിന്റെ ആശ്വാസത്തിലാണ് ലോകം. തായ്‌ലണ്ടിലെ താം ലുവാങ് നാം ഗുഹയില്‍ കുടുങ്ങിയ 12 കുട്ടികളും കോച്ചും സുരക്ഷിതരായി ജീവിതത്തിലേക്കു തിരിച്ചെത്തി.  17 ദിവസത്തെ ആശങ്കയ്ക്കും മൂന്നു ദിവസത്തെ അതിസാഹസികമായ രക്ഷാ ദൗത്യത്തിനും സമാപ്തിയായതോടെ സുവര്‍ണ ലിപികളില്‍ രേഖപ്പെടുത്തേണ്ട ചരിത്രമായി അതു മാറി.
12 കുട്ടികളും കോച്ചും സുരക്ഷിതരാണെന്ന് തായ് നേവി സീല്‍ യൂണിറ്റ് സ്ഥിരീകരിച്ചു. രക്ഷപ്പെട്ട കുട്ടികളെല്ലാം ആശുപത്രിയില്‍ ചികിത്സയിലാണുള്ളത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതര്‍ വ്യക്തമാക്കി.

ജൂണ്‍ 23-നാണ് 16 വയസില്‍ താഴെയുള്ളവരുടെ ഫുട്‌ബോള്‍ ടീമിലെ അംഗങ്ങളായ കുട്ടികളും അവരുടെ പരിശീലകനുമടക്കം 13 പേര്‍ കനത്തമഴയെയും മണ്ണിടിച്ചിലിനെയും തുടര്‍ന്ന് ഗുഹയില്‍ കുടുങ്ങിയത്. ഞായറാഴ്ചയാണ് അടിയന്തര രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. ആദ്യ ശ്രമത്തില്‍ നാല് കുട്ടികളെ രക്ഷപ്പെടുത്തിയിരുന്നു. 13 വിദേശ സ്‌കൂബാ ഡൈവിങ് വിദഗ്ധരും അഞ്ച് തായ്‌ലാന്‍ഡ് നാവികസേനാംഗങ്ങളുമടക്കമുള്ള 18 അംഗ സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്.